മംഗളൂരു വിമാനത്താവളത്തിലേക്കുള്ള റോഡിലെ പാലം ഭാഗികമായി തകർന്നു; ഗതാഗതം നിരോധിച്ചു
text_fieldsബംഗളൂരു: മംഗളൂരുവിലെ ബജ്പെ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിലെ പാലം ഭാഗികമായി തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. കനത്തമഴയിൽ പാലത്തിെെൻറ ഒരു ഭാഗം ഇടിയുകയും വിള്ളൽ രൂപപ്പെടുകയും ചെയ്തതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
കേരളത്തിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലേക്ക് വരുന്നവർ പമ്പ് വെൽ, നന്തൂർ ജങ്ഷൻ വഴി കൈക്കമ്പ-വാമഞ്ചൂർ-ഗുരുപുര-ബജ്പെ റോഡിലൂടെ സഞ്ചരിച്ച് വിമാനത്താവളത്തിലെത്തണമെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് മംഗളൂരു- ബജ്പെ വിമാനവത്താവള റോഡിലെ മരവൂർ പാലം ഭാഗികമായി തകർന്നത്. ഉഡുപ്പിയിൽനിന്ന് എത്തുന്നവർ മുൾകി- കിന്നിഗോളി-കട്ടീൽ- ബജ്പെ വഴിയും വരണം. മംഗളൂരു-ബജ്പെ-കട്ടീൽ റൂട്ടിലെ പ്രധാന നദികളിൽ ഒന്നായ ഫൽഗുണിപുഴക്ക് കുറുകെയുള്ള പാലമാണ് ശക്തമായ മഴയെതുടർന്നുള്ള കുത്തൊഴുക്കിൽ തകർന്നത്. പാലത്തിെൻറ മധ്യഭാഗത്തെ രണ്ടു തൂണുകൾ താഴ്ന്ന നിലയിലാണ്. ഇതോടൊപ്പം പാലത്തിെൻറ മധ്യഭാഗത്തായി വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.
വാഹന യാത്രക്കാരാണ് പാലം അപകടത്തിലായ വിവരം അറിയിച്ചത്. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ വിമാനത്താവളം, കട്ടീൽ ക്ഷേത്രം, നെല്ലതീർഥ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കണം. നേരത്തേതന്നെ പാലത്തിന് ബലക്ഷയം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് തൊട്ടടുത്തായി പുതിയ പാലത്തിെൻറ നിർമാണം ആരംഭിച്ചിരുന്നു.
പാലം നിർമാണവുമായി ബന്ധപ്പെട്ട് പുഴയുടെ ഒരു ഭാഗത്ത് മണ്ണിട്ടതോടെ നീരൊഴുക്കിനുള്ള സ്ഥലം കുറഞ്ഞതും പഴയപാലം തകരുന്നതിന് കാരണമായെന്നാണ് പ്രദേശവാസികളുടെ ആരോപണം. മൂന്നു മാസം മുമ്പ് ആരംഭിച്ച പുതിയ പാലത്തിെൻറ നിർമാണം പൂർത്തിയാകാൻ ഇനിയും രണ്ടുവർഷമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.