‘21ന് മുമ്പ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി സ്തംഭിപ്പിക്കും’
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ 27 ദിവസം പിന്നിട്ട ഗുസ്തി താരങ്ങൾ നടത്തുന്ന സമരം അടുത്തഘട്ടത്തിലേക്ക് കടക്കുന്നു. മേയ് 21ന് മുമ്പ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരരീതി മാറുമെന്നും ഡൽഹി സ്തംഭിപ്പിക്കുമെന്നും ഗുസ്തി താരങ്ങൾ ആവർത്തിച്ചു. ഞയറാഴ്ചയിലെ സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡൽഹിയിലെ ഗുരുദ്വാര, ഹനുമാൻ ക്ഷേത്രം അടക്കമുള്ള സ്ഥലങ്ങളിലേക്കും രാജ്ഘട്ടിലേക്കും കഴിഞ്ഞ ദിവസങ്ങളിൽ മാർച്ച് നടത്തിയിരുന്നു.
മേയ് 21ന് മുമ്പ് നടപടിയുണ്ടായില്ലെങ്കിൽ സമരത്തിന്റെ രീതി മാറുമെന്ന് മേയ് ഏഴിന് ജന്തർമന്തറിലെത്തിയ സംയുക്ത കിസാൻ മോർച്ച നേതാക്കളും ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, യു.പി സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്ത് പ്രതിനിധികളും മുന്നറിയിപ്പ് നൽകിയിരുന്നു.
സമരത്തിന് പിന്തുണയുമായി രാജസ്ഥാൻ കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് വെള്ളിയാഴ്ച ജന്തർമന്തറിലെ സമരവേദിയിലെത്തി ഗുസ്തി താരങ്ങളുമായി സംസാരിച്ചു. യുവാക്കൾ ദുഃഖിക്കുമ്പോൾ രാജ്യത്ത് സന്തോഷമുണ്ടാകില്ലെന്നും നിഷ്പക്ഷമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.