ബ്രിജ് ഭൂഷണിന്റെ ലൈംഗികാതിക്രമം അഞ്ചു രാജ്യങ്ങളിൽനിന്നും സി.സി.ടി.വി ദൃശ്യങ്ങൾ തേടി പൊലീസ്
text_fieldsന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വനിത ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ വിദേശ രാജ്യങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ തേടി ഡൽഹി പൊലിസ്. ഇന്തോനേഷ്യ, ബൾഗേറിയ, കിർഗിസ്താൻ, മംഗോളിയ, കസാഖ്സ്താൻ എന്നീ രാജ്യങ്ങളിൽ നടന്ന ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനിടെ ബ്രിജ് ഭൂഷൻ ലൈംഗികാതിക്രമം നടത്തിയെന്ന് ഏപ്രിൽ 21ന് ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സര സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ തേടി ഈ രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകൾക്ക് ഡൽഹി പൊലീസ് കത്തയച്ചത്. എന്നാൽ, എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ വിവിധ ഫെഡറേഷനുകൾക്ക് കത്തെഴുതിയിരുന്നുവെന്നും അവരിൽ ചിലർ മറുപടി നൽകിയിട്ടുണ്ടെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. എന്തുകൊണ്ടാണ് വിഷയം ഇപ്പോൾ ഉയർന്നുവന്നത് എന്നത് അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. നാല് ഗുസ്തിതാരങ്ങൾ ലൈംഗികാതിക്രമങ്ങളുടെ വിഡിയോ, ഓഡിയോ തെളിവുകൾ കഴിഞ്ഞ ദിവസം സംഘത്തിന് കൈമാറിയിരുന്നു.
തെളിവ് കൈമാറാൻ 24 മണിക്കൂർ മാത്രമാണ് താരങ്ങൾക്ക് പൊലീസ് അനുവദിച്ചിരുന്നത്. സമയം ലഭിക്കാതെ വന്നതോടെ രണ്ടുപേർക്ക് തെളിവ് നൽകാനായില്ല. ഗുസ്തി താരങ്ങൾക്കു വേണ്ടി റഫറി, പരിശീലകൻ, അന്താരാഷ്ട്ര മത്സരത്തിലെ സ്വർണ ജേതാക്കൾ ഉൾപ്പെടെ 125 പേർ പൊലീസിന് സാക്ഷി മൊഴി നൽകിയിട്ടുണ്ട്. കേസിൽ ജൂൺ 15നുള്ളിൽ പൊലീസ് കുറ്റപത്രം നൽകുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുർ ഗുസ്തി താരങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം താൽക്കാലികമായി നിർത്തിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.