വി.എച്ച്.പി, ബജ്രംഗ്ദൾ നേതാക്കളുടെ വിദ്വേഷപ്രസംഗം: സുപ്രീംകോടതിയിൽ ഹരജിയുമായി വൃന്ദകാരാട്ട്
text_fieldsന്യൂഡൽഹി: വി.എച്ച്.പി, ബജ്രംഗ്ദൾ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിൽ സുപ്രീംകോടതിയിൽ ഹരജിയുമായി സി.പി.എം നേതാവ് വൃന്ദകാരാട്ട്. ഹരിയാന ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ റാലികളിൽ മുസ്‍ലിംകളെ കൊല്ലാനും അവരെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‍കരിക്കാനും ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് തീർപ്പുകൽപ്പിക്കാത്ത ഹരജിയിൽ ഇടപെടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വൃന്ദകാരാട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മാധ്യമപ്രവർത്തകൻ ഷഹീൻ അബ്ദുള്ള ഈ വിഷയത്തിൽ സമർപ്പിച്ച ഹരജിയിൽ കക്ഷിയെന്ന നിലയിൽ ഇടപെടാൻ അനുവദിക്കണമെന്നാണ് വൃന്ദകാരാട്ടിന്റെ ആവശ്യം. വിശ്വഹിന്ദു പരിഷത്, ബജ്രംഗ്ദൾ നേതാക്കൾ നടത്തിയ ചില വിദ്വേഷ പ്രസംഗങ്ങളെ സംബന്ധിച്ചും അവരുടെ ഹരജിയിൽ പരാമർശമുണ്ട്. മുസ്‍ലിംകൾക്കെതിരെ നീങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളുടെ വിവരങ്ങളാണ് അവരുടെ ഹരജിയിലുള്ളത്. ഡൽഹിയിൽ ഉൾപ്പടെ വി.എച്ച്.പി, ബജ്രംഗദൾ നേതാക്കൾ നടത്തിയ പ്രസംഗങ്ങളും ഇതിലുണ്ട്.
ഹിന്ദു മതത്തിന്റെ പേരിൽ മുസ്‍ലിം സമൂഹത്തിനെതിരെ നീങ്ങാൻ പ്രേരിപ്പിക്കുന്നതാണ് വി.എച്ച്.പി ബജ്രംഗ്ദൾ നേതാക്കളുടെ പ്രസംഗങ്ങളെന്നും ഇത് ഭരണഘടനമൂല്യങ്ങൾക്കും രാജ്യത്തിന്റെ മതേതരത്വത്തിനും എതിരാണെന്നും വൃന്ദകാരാട്ട് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം യോഗങ്ങൾ നടന്നിട്ടുണ്ട്. തുടർച്ചയായി സാമ്പത്തികമായും സാമൂഹികമായും മുസ്‍ലിം സമുദായത്തെ ബഹിഷ്‍കരിക്കാനാണ് യോഗങ്ങളിലെ പ്രസംഗങ്ങളിൽ ആവശ്യപ്പെടുന്നതെന്ന് വൃന്ദകാരാട്ട് പറഞ്ഞു. എന്നാൽ, ഇത്തരം പ്രസംഗങ്ങളിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് കർശന നടപടിയുണ്ടാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു.
ജസ്റ്റിസ് സഞ്ജീവ് ഖന്നയും എസ്.വി.എൻ ഭാട്ടിയും ഉൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് നേരത്തെ മാധ്യമപ്രവർത്തകൻ ഷഹീൻ അബ്ദുള്ളയുടെ ഹരജി പരിഗണിച്ചത്. ആഗസ്റ്റ് രണ്ടിന് ഹരജി പരിഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാറും പൊലീസും വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഹരജി പരിഗണിക്കുന്നവേളയിൽ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് ലഭ്യമായ തെളിവുകൾ ഹാജരാക്കാൻ ഹരജിക്കാരനോട് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.