‘നാളെ അവർ ഭരണഘടനയും വിദേശ ആശയമാണെന്ന് പറയും’; ആർ.എൻ രവിയുടെ ‘മതേതര’ പ്രസ്താവനക്കെതിരെ വൃന്ദ കാരാട്ട്
text_fieldsന്യൂഡൽഹി: മതേതരത്വം യൂറോപ്യൻ ആശയമാണെന്നും ഇന്ത്യയിൽ ആവശ്യമില്ലെന്നുമുള്ള തമിഴ്നാട് ഗവർണർ ആർ.എൻ രവിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇത്തരം കാഴ്ചപ്പാടുള്ള ഒരു വ്യക്തി വർണർ പദവിയിൽ ഇരിക്കുന്നത് ലജ്ജാകരമാണ്. ആർ.എസ്.എസിന്‍റെ കാഴ്ചപ്പാടാണ് ഗവർണർ മുന്നോട്ടുവെക്കുന്നതെന്നു പറഞ്ഞ വൃന്ദ കാരാട്ട് നാളെ അവർ ഭരണഘടനയും വിദേശ ആശയമാണെന്ന് പറയുമെന്ന് മുന്നറിയിപ്പു നൽകി.
“ഗവർണർ ഭരണഘടനയിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. മതേതരത്വം ഭരണഘടനയിൽ പ്രതിപാദിക്കുന്ന അവിഭാജ്യ ഘടകമാണ്. മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കലർത്തരുതെന്നും അതിൽ പറയുന്നുണ്ട്. ആർ.എസ്.എസിന്‍റെ കാഴ്ചപ്പാടാണ് ഇത്തരത്തിൽ പ്രതിഫലിക്കുന്നത്. നാളെ അവർ ഭരണഘടനയും വിദേശ ആശയമാണെന്ന് പറഞ്ഞേക്കാം. തമിഴ്നാട് പോലുള്ള ഒരു പ്രധാന സംസ്ഥാനത്തിന്‍റെ ഗവർണറായി അദ്ദേഹത്തെ പോലെ ഒരാളെ നിയമിച്ചത് ലജ്ജാകരമാണ്” -വൃന്ദ കാരാട്ട് പറഞ്ഞു.
ഞായറാഴ്ച കന്യാകുമാരിയിലെ ഹിന്ദുധർമ പീഠത്തിൽ ബിരുദദാന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഗവർണർ വിവാദ പ്രസ്താവന നടത്തിയത്. ‘രാജ്യത്തെ ജനങ്ങള്‍ക്കെതിര പല തട്ടിപ്പുകളും നടന്നിട്ടുണ്ട്. അതില്‍ ഒന്ന് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്. മതേതരത്വം കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? മതേതരത്വം എന്നത് ഒരു യൂറോപ്യന്‍ ആശയമാണ്. അത് ഇന്ത്യന്‍ ആശയമല്ല’ -ഗവര്‍ണര്‍ പറഞ്ഞു.
ക്രിസ്ത്യൻ പള്ളികളും രാജാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായാണ് യൂറോപ്പില്‍ മതേതരത്വം എന്ന ആശയം ഉയര്‍ന്നുവന്നത്. ഭരണഘടനാ രൂപവത്കരണ വേളയിൽ ചിലര്‍ മതേതരത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ നിര്‍മാണ സഭയിലെ മുഴുവന്‍ അംഗങ്ങളും മതേതരത്വം നമ്മുടെ രാജ്യത്തോ എന്നാണ് ചോദിച്ചത്. എവിടെങ്കിലും എന്തെങ്കിലും സംഘര്‍ഷമുണ്ടോ? ഭാരതം ധര്‍മത്തില്‍നിന്നാണ് ജന്മംകൊണ്ടത്. ധര്‍മത്തില്‍ എവിടെയാണ് സംഘര്‍ഷമുണ്ടാവുകയെന്നും ഗവര്‍ണര്‍ പറഞ്ഞു.
മതേതരത്വം യൂറോപ്യന്‍ ആശയമാണ്. അത് അവിടെ മാത്രം നിലകൊണ്ടാല്‍ മതി. ഇന്ത്യയില്‍ മതേതരത്വത്തിന്റെ ആവശ്യമില്ല. അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ചില വിഭാഗങ്ങളിലെ ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഭരണഘടനയില്‍ മതേതരത്വം കൂട്ടിച്ചേര്‍ത്തതെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
ഗവർണറുടെ പ്രസ്താവനക്കെതിരെ ഭരണകക്ഷിയായ ഡി.എം.കെ ഉൾപ്പെടെ രംഗത്തുവന്നിരുന്നു. മതേതരത്വം ഇന്ത്യയിൽ അനിവാര്യമാണെന്നും ഗവർണര്ത്സ ഭരണഘടന മുഴുവനായും വായിക്കാൻ ശ്രമിക്കണമെന്നും ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു. അനുച്ഛേദം 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെപ്പറ്റി ഗവർണർക്ക് ബോധ്യമില്ലെന്ന് തോന്നുന്നു. രാജ്യത്തെ 22 ഭാഷകളെ ഔദ്യോഗികമായി ഭരണഘടന അംഗീകരിച്ചിട്ടുണ്ടെന്നും ഇളങ്കോവൻ ചൂണ്ടിക്കാണിച്ചു. കോൺഗ്രസ് നേതാവ് പി. ചിദംബരവും ഗവർണർക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.