ബ്രിട്ടൻ കൈയൊഴിഞ്ഞു, ശൈഖ് ഹസീന ഇന്ത്യ വിട്ടില്ല; സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: അഭയം നൽകണമെന്ന അപേക്ഷ ബ്രിട്ടൻ തള്ളിയതോടെ ശൈഖ് ഹസീന മറ്റു യുറോപ്യൻ രാജ്യങ്ങളെ അഭയത്തിനായി സമീപിക്കാനുള്ള ശ്രമം തുടങ്ങി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇന്ത്യൻ വ്യേമസേനാ താവളത്തിൽ തിങ്കളാഴ്ച വൈകീട്ട് 5.36ന് എത്തിയപ്പോൾ രാത്രിയോടെ ഇന്ത്യ വിടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അഭയം നൽകാൻ മറ്റൊരു രാജ്യം കിട്ടാത്തതിനാൽ ഇതുവരെയും ഹസീനക്ക് ഇന്ത്യ വിട്ടുപോകാനായില്ല.
രാജ്യംവിട്ട ഹസീനയുടെ ഇന്ത്യയിലെ ഇടക്കാലവാസം നീളുന്നതിനിടെ കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചു. രാവിലെ 10 മണിക്ക് പാർലമെന്റ് മന്ദിരത്തിൽ ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് എന്നിവർ പങ്കെടുക്കും. ഹസീനക്ക് ഏക സുഹൃത്തായി അവശേഷിക്കുന്ന ഇന്ത്യക്ക് ഹസീന വിരുദ്ധരുടെ ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധവും വെല്ലുവിളിയാകും.
ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തുകളയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ശൈഖ് ഹസീനക്ക് അഭയം നൽകുന്നതിൽ ബ്രിട്ടന് താൽപര്യമില്ല. വിദ്യാർഥി പ്രക്ഷോഭത്തോടും അതിനെ നേരിട്ട ശൈഖ് ഹസീനയുടെ ഏകാധിപത്യ പ്രവണതകളോടുമുള്ള അമേരിക്കൻ നിലപാട് ബ്രിട്ടനും കൈകൊണ്ടതാണ്. എന്നാൽ, ബ്രിട്ടനിലെ അഭയാർഥി നിയമപ്രകാരം അഭയം തേടാനായി ഒരാൾക്ക് ബ്രിട്ടനിലേക്ക് പ്രവേശനം അനുവദിക്കാനുള്ള വ്യവസ്ഥയില്ല എന്ന മറുപടിയാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് യു.കെ ആഭ്യന്തര മന്ത്രാലയം നൽകിയത്. അന്തർദേശീയ നിയമപ്രകാരം ഹസീന സുരക്ഷിതമായി ആദ്യമെത്തിയ രാജ്യം തന്നെ അവർക്ക് അഭയം നൽകണമെന്ന നിലപാടാണ് ബ്രിട്ടൻ കൈ കൊണ്ടിരിക്കുന്നത്.
ബ്രിട്ടീഷ് സർക്കാർ ഹസീന വരുന്നതിന് വിസമ്മതം അറിയിച്ചതോടെ മറ്റേതെങ്കിലും രാജ്യങ്ങളെ സമീപിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഹസീന മുൻഗണന നൽകുന്നത് യൂറോപ്പ് ആണെന്നും തെക്കൻ യൂറോപ്പിലെ ഏതെങ്കിലും രാജ്യങ്ങളിലേക്ക് പോകാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നുമാണ് വിവരം.
ബംഗ്ലാദേശിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെട്ട് സ്വന്തം വ്യേമതാവളത്തിൽ വന്നിറങ്ങാൻ വഴിയൊരുക്കിയ ഇന്ത്യക്ക് അവർക്ക് മറ്റൊരു രാജ്യം അഭയം നൽകും വരെ താൽകാലിക അഭയംനൽകേണ്ടിവരും. ഇതിനിടെ ഹിൻഡൻ വ്യേമതാവളത്തിൽ നിന്ന് ഹസീനയെ രാത്രിയോടെ സുരക്ഷിതമായി ഒരു വീട്ടിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.