സഹോദരന്റെ മരണം കൊലപാതകമാണെന്നു സംശയം; സീരിയൽ കില്ലറെ നിയമത്തിനു മുന്നിലെത്തിച്ച് യുവാവ്
text_fieldsഅഹമ്മദാബാദ് (ഗുജറാത്ത്): അപകട മരണമാണെന്നു കരുതിയ സഹോദരന്റെ മരണത്തിൽ സംശയം തോന്നിയ യുവാവ് ഒറ്റക്കു നടത്തിയ മൂന്നു വർഷത്തെ ധീരമായ അന്വേഷണം ചെന്നെത്തിയത് സീരിയൽ കില്ലറിന്റെ കൊലപാത പരമ്പരകളിലേക്ക്. സംഭവം നടക്കുന്നത് ഗുജറാത്തിലെ അഹ്മദാബാദിലാണ്.
ജിഗർ എന്ന യുവാവിന്റെ സഹോദരൻ വിവേക് റോഡ് അപകടത്തിൽ മരിക്കുന്നത് 2021 ആഗസ്റ്റിലാണ്. അഹ്മദാബാദിനടുത്തുള്ള അസ്‍ലാലിയിലെ കമോദ് ഗ്രാമത്തിൽ വിവേകിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ സംശയം തോന്നിയ ജിഗർ സ്വമേധയാ ദുരൂഹതകൾ പുറത്തെത്തിക്കാൻ ശ്രമം നടത്തി. വിവേക് മരിക്കുന്നതിനു മുമ്പ് നവൽസിങ് ചാവ്ദ എന്നയാളുമായി ബന്ധം പുലർത്തിയിരുന്നതായി ജിഗർ കണ്ടെത്തി.
തുടർന്ന് ചാവ്ദയുമായി സൗഹൃദം സ്ഥാപിച്ച ജിഗർ അയാളുടെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയായിരുന്നു. ചാവ്ദയുടെ വിശ്വാസം ആർജിച്ച ജിഗർ അയാളുടെ കാറിന്റെ ഡ്രൈവറായും ജോലി ചെയ്തു. പണം വർധിപ്പിക്കുന്ന ആചാരങ്ങളുടെ വാഗ്ദാനങ്ങൾ നൽകി ഇരകളെ വശീകരിക്കുന്ന രീതിയായിരുന്നു പ്രതിയുടേത്. പലപ്പോഴും സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ഇയാളുടെ ലക്ഷ്യം. അഭിജിത്ത് രാജ്പുത്ത് എന്ന ബിസിനസുകാരനുമായി ബന്ധപ്പെട്ട പ്രതി പണം ഇരട്ടിയാക്കാമെന്ന് അയാൾക്ക് വാക്ക് നൽകി. സാനന്ദിൽ നിന്ന് മുമത്‌പുരയിലേക്ക് കൊണ്ടുപോയി അഭിജിത്ത് രാജ് പുത്തിനെ കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടു.
വിവരം അറിഞ്ഞ ജിഗർ തന്റെ സഹോദരൻ ഉൾപ്പെടെ മൂന്നു പേരെ സീരിയൽ കില്ലർ കൊലപ്പെടുത്തിയതായും വീണ്ടും ഒരാളെ കൊല്ലാൻ പോകുന്നതായും പൊലീസിനെ അറിയിക്കുകയായിരുന്നു. വെജൽപൂരിലെ അക്ഷരധാം സൊസൈറ്റിയിൽ താമസിച്ചിരുന്ന നവൽസിങ് ചാവ്ദ ചൊവ്വാഴ്ച രാത്രി പൊലീസ് പിടിയിലായി. പ്രതി ചാവ്ദ 2023ൽ സുരേന്ദ്രനഗറിൽ മൂന്നുപേരെയും 2021ൽ അഹമ്മദാബാദിൽ മറ്റൊരാളെയും കൊലപ്പെടുത്തിയിരുന്നു. 2023ൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയതായും മൃതദേഹങ്ങൾ ദൂധ്രേജ് കനാലിൽ വലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ചാവ്ദയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.