മൂന്നാമൂഴം തേടി ബി.ആർ.എസ്; ശുഭപ്രതീക്ഷയിൽ കോൺഗ്രസും
text_fieldsഹൈദരാബാദ്: 10 വർഷത്തെ വികസന നേട്ടങ്ങൾ പ്രചാരണായുധമാക്കി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ മൂന്നാമൂഴം തേടിയാണ് ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്) തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഇൻഡ്യ മുന്നണി രൂപവത്കരണവും അയൽസംസ്ഥാനമായ കർണാടകയിലെ തകർപ്പൻ വിജയവും കോൺഗ്രസിന് ആത്മവിശ്വാസം പകരുമ്പോൾ ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
ആകെ 119 സീറ്റുകളിൽ 115 എണ്ണത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ആർ.എസ് ആഗസ്റ്റിൽ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. 100 ദിവസത്തിലധികം പ്രചാരണത്തിന് സമയം കിട്ടിയതിനാൽ തങ്ങൾക്ക് മുൻതൂക്കമുണ്ടെന്ന് ബി.ആർ.എസ് വക്താവ് പുട്ട വിഷ്ണുവർധൻ റെഡ്ഡി പറഞ്ഞു. 95-105 സീറ്റ് വരെ കിട്ടുമെന്നാണ് ബി.ആർ.എസ് പ്രതീക്ഷ. അതേസമയം, ഭരണവിരുദ്ധ വികാരത്തിലാണ് പ്രതീക്ഷയെന്ന് ബി.ജെ.പി പറയുന്നുണ്ടെങ്കിലും ബി.ആർ.എസുമായി ഒത്തുതീർപ്പ് രാഷ്ട്രീയത്തിനൊരുങ്ങുന്നുവെന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്.
ചന്ദ്രശേഖര റാവുവിന്റെ മകൾ കവിത അടക്കമുള്ള ബി.ആർ.എസ് നേതാക്കളോടുള്ള ബി.ജെ.പിയുടെ മൃദുസമീപനം ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുദിവസത്തെ ഇടവേളയിൽ രണ്ടുതവണ തെലങ്കാനയിലെത്തി 21,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.
മറുവശത്ത് കോൺഗ്രസ് ശുഭപ്രതീക്ഷയിലാണ്. ഹൈദരാബാദ് പ്രവർത്തക സമിതിയോടനുബന്ധിച്ച് സംഘടിപ്പിച്ച വൻ റാലിയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചേർന്ന് കർണാടക മോഡലിൽ പ്രഖ്യാപിച്ച 12 വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് സി.പിഐയും സി.പി.എമ്മും കോൺഗ്രസുമായി ചർച്ചയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.