ഒരു മാസം തികയും മുമ്പേ കോൺഗ്രസ് വിട്ട് ബി.ആർ.എസിലേക്ക് തിരിച്ചെത്തി നേതാവ്
text_fieldsഹൈദരാബാദ്: കോൺഗ്രസിൽ ചേർന്ന് ഒരു മാസം തികയും മുമ്പേ പാർട്ടിയിലേക്ക് തിരിച്ചെത്തി ഭാരതീയ രാഷ്ട്ര സമിതി നേതാവും ഗഡ്‌വാൾ എം.എൽ.എയുമായ ബന്ദ്ല കൃഷ്ണ മോഹൻ റെഡ്ഡി. ജൂലൈ ആറിന് കോൺഗ്രസിനൊപ്പം ചേർന്ന റെഡ്ഡി ജൂലൈ 30 ആയപ്പോഴേക്കും ബി.ആർ.എസിലേക്ക് തിരിച്ചെത്തി.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു റെഡ്ഡിയുടെ കോൺഗ്രസ് പ്രവേശം. എന്നാൽ കോൺഗ്രസിലെ ചില നേതാക്കൾക്ക് റെഡ്ഡിയുടെ പാർട്ടി പ്രവേശനത്തിൽ അതൃപ്തിയുള്ളതായി നേരത്തെ വാദമുയർന്നിരുന്നു. ഏതാനും കോൺഗ്രസ് നേതാക്കൾ ഗാന്ധി ഭവനു മുമ്പിലെത്തി റെഡ്ഡിക്കെതിരെ മുദ്രാവാക്യമുയർത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ചൊവ്വാഴ്ച ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തിരികെ പാർട്ടിയിലേക്ക് വരാനുള്ള ആഗ്രഹം റെഡ്ഡി വ്യക്തമാക്കിയത്.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് സരിത തിരുപത്തയ്യയെ 7,036 വോട്ടിൻ്റെ നേരിയ വ്യത്യാസത്തിനാണ് ബന്ദ്ല കൃഷ്ണ മോഹൻ റെഡ്ഡി പരാജയപ്പെടുത്തിയത്. കെ.ടി.ആറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റെഡ്ഡി 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹ്ബൂബ്നഗർ ജില്ലയിൽ വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.