പട്ന പ്രതിപക്ഷ റാലിക്ക് കോൺഗ്രസ് പ്രമുഖരില്ല; ബി.ആർ.എസ് വിട്ടുനിൽക്കും
text_fieldsന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഈ മാസം 12ന് പട്നയിൽ വിളിച്ച പ്രതിപക്ഷ നേതൃയോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ പങ്കെടുക്കാനിടയില്ല.
എന്നാൽ, യോഗത്തിലേക്ക് കോൺഗ്രസ് പ്രതിനിധിയെ അയക്കും. ഒരു സംസ്ഥാന മുഖ്യമന്ത്രിയോ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലോ കോൺഗ്രസിനെ പ്രതിനിധാനം ചെയ്യും. 12ാം തീയതി അസൗകര്യമാണെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടും മറ്റു പാർട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ ദിവസമെന്ന നിലയിൽ നിതീഷ് കുമാർ മുന്നോട്ടുനീങ്ങി. ഖാർഗെക്കും രാഹുലിനും 20നു ശേഷമുള്ള ഒരു തീയതിയാണ് സൗകര്യമെന്ന് അറിയിച്ചിരുന്നു.
അമേരിക്കയിലുള്ള രാഹുൽ മടങ്ങിയെത്തുന്നത് 18നാണ്. അതേസമയം, പ്രതിപക്ഷ ഐക്യപദ്ധതിയുടെ കേന്ദ്ര സ്ഥാനം കൈയടക്കാനുള്ള നിതീഷിന്റെ നീക്കങ്ങളിൽ കോൺഗ്രസിനുള്ള അസ്വസ്ഥതയും പ്രതിനിധിയെ മാത്രം അയക്കാൻ ആലോചിക്കുന്നതിന് പിന്നിലുണ്ടെന്നാണ് സൂചന.
16 പാർട്ടികൾ ഇതിനകം പങ്കാളിത്തം അറിയിച്ചിട്ടുള്ള പട്ന സമ്മേളനത്തിലേക്ക് ഭാരത് രാഷ്ട്രസമിതി ഇല്ല.
തെരഞ്ഞെടുപ്പിനു മുമ്പൊരു ദേശീയതല സഖ്യമോ സീറ്റു ധാരണയോ സാധ്യമല്ലെന്നും പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസരിച്ച് നീക്കുപോക്കുകൾ നടത്തുന്നതിൽ കേന്ദ്രീകരിക്കണമെന്നുമാണ് ബി.ആർ.എസിന്റെ പക്ഷം. മൂന്നാം മുന്നണി പ്രായോഗികമല്ല. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാകട്ടെ, പ്രതിപക്ഷ സഖ്യശ്രമങ്ങൾ നേരത്തേ നടത്തിയ നേതാവാണ്. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി തുടങ്ങിയവ പട്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.