മംഗളൂരുവിൽ കന്നുകാലി വാഹനത്തിന്റെ ഡ്രൈവർക്ക് ആൾക്കൂട്ട മർദനം
text_fieldsബംഗളൂരു: കർണാടകയിൽ ഒാർഡിനൻസിലൂടെ ഗോവധ നിരോധന -കന്നുകാലി സംരക്ഷണ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ചിക്കമഗളൂരുവിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു.
റാണിബെന്നൂരിൽനിന്ന് ശൃംഗേരി വഴി മംഗളൂരുവിലേക്ക് 34 കന്നുകാലികളുമായി വരുകയായിരുന്ന രണ്ട് വാഹനങ്ങൾ താണിക്കൊഡു ചെക്ക്പോസ്റ്റിന് സമീപം ആൾക്കൂട്ടം തടയുകയായിരുന്നു. ഒരു വാഹനത്തിലെ ൈഡ്രവർ ഒാടിരക്ഷപ്പെട്ടു. രണ്ടാമത്തെ വാഹനത്തിലെ ഡ്രൈവറായ ദാവൻകെര സ്വദേശി ആബിദ് അലിക്ക് ആൾക്കൂട്ടത്തിെൻറ മർദനമേറ്റു.
പരിക്കേറ്റ ഇയാളെ ശൃംഗേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്നുകാലി കടത്തിന് ഡ്രൈവർമാർക്കെതിരെ ശൃംഗേരി പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു.
ഗോവധ നിരോധന- കന്നുകാലി സംരക്ഷണ ഭേദഗതി നിയമപ്രകാരം പശു, പശുക്കിടാവ്, കാള, 13 വയസ്സിൽ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വിൽക്കുന്നതിനുമാണ് നിരോധനം.
കന്നുകാലികളെ കടത്തുന്നതും ഇറച്ചി കയറ്റുമതി- ഇറക്കുമതി ചെയ്യുന്നതും നിരോധന പരിധിയിൽ വരും. നിയമം ലംഘിക്കുന്നവർക്ക് മൂന്നു മുതൽ ഏഴു വരെ വർഷം തടവും അരലക്ഷം മുതൽ 10 ലക്ഷം വരെ രൂപ പിഴയുമാണ് ശിക്ഷ. കന്നുകാലി കടത്തിനെ കുറിച്ച് വിവരം നൽകാൻ കർണാടക സർക്കാർ ടോൾഫ്രീ നമ്പറും പുറത്തിറക്കിയിരുന്നു.
ഉത്തരേന്ത്യയിലെ പോലെ ഗോസംരക്ഷണത്തിെൻറ പേരിൽ ആൾക്കൂട്ടം നിയമം കൈയിലെടുക്കുമെന്ന ആശങ്ക ആദ്യ കേസിൽത്തന്നെ യാഥാർഥ്യമാവുകയാണ്.
ഗോസംരക്ഷകർക്ക് ആവശ്യമായ നിയമ പരിരക്ഷകൂടി കണക്കിലെടുത്താണ് കർണാടകയിലെ വിവാദ നിയമം നടപ്പാക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.