കർഷക പ്രശ്‌നം ചർച്ച ചെയ്യാൻ ഗവർണർ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണം - ബി.എസ് ഹൂഡ
text_fieldsഗുരുഗ്രാം: കർഷക പ്രശ്‌നം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ. ഹരിയാന ഗവർണർ സത്യദേവ് നാരായണ ആര്യയോടാണ് ഹൂഡ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് കർഷകരുടെ പ്രശ്‌നം ചർച്ച ചെയ്യാൻ ഹരിയാന ഗവർണറോട് അഭ്യർഥിക്കുന്നു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതിനാൽ ബി.ജെ.പി നേതൃത്വത്തിലുള്ള ഹരിയാന സർക്കാരിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
'കർഷകരെ അവഹേളിക്കുകയാണ്. അവരെ 'ഖാലിസ്ഥാനികൾ', 'കോൺഗ്രസുകാർ' എന്ന് വിളിക്കുന്നു. അവർ കൃഷിക്കാരാണ്. മതത്തിനും ജാതിക്കും പ്രദേശത്തിനും മുകളിൽ ഉയർന്നുവരുന്ന അവർ ന്യായമായ ആവശ്യങ്ങളുമായിട്ടാണ് ഇവിടെയെത്തിയത്. കൊടും തണുപ്പിലാണ് അവർ സമരമുഖത്തുള്ളത്'-ഹൂഡ പറഞ്ഞു.
അതേസമയം നാലാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ കാർഷിക ബില്ലുകൾക്കെതിരെ നടക്കുന്ന സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ച വിഗ്യാൻ ഭവനിൽ നടന്ന 7 മണിക്കൂർ നീണ്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. ചർച്ചയിൽ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് കർഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
'തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരും. കർഷകർക്ക് നവംബർ-ഡിസംബർ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളിൽ പലരും ഇവിടെയെത്തി പ്രതിഷേധിക്കാൻ വേണ്ടി കൃഷി താത്കാലികമായി ഉപേക്ഷിച്ചു. ആദ്യ ദിവസം മുതൽ ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അതേപടി നിലനിൽക്കുന്നു' -കർഷക യൂണിയൻ പ്രതിനിധികൾ പറഞ്ഞു. നാലാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതോടെ ഡിസംബർ അഞ്ചിന് വീണ്ടും യോഗം ചേരാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.