ബി.എസ്.എഫിന് കൂടുതൽ അധികാരം; അതിർത്തി സംസ്ഥാനങ്ങൾ ഉടക്കിൽ
text_fieldsന്യൂഡൽഹി: പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തിപങ്കിടുന്ന പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം സംസ്ഥാനങ്ങളിലേക്ക് 50 കിലോമീറ്റർ വരെ കടന്നുചെന്ന് റെയ്ഡും അറസ്റ്റും നടത്താൻ അതിർത്തി രക്ഷ സേനയായ ബി.എസ്.എഫിന് ആഭ്യന്തര മന്ത്രാലയം നൽകിയ വിപുലാധികാരം വിവാദത്തിൽ. സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരത്തിൽ കടന്നുകയറുന്നതാണ് കേന്ദ്രത്തിെൻറ ഗസറ്റ് വിജ്ഞാപനമെന്നിരിെക്ക, അടിയന്തരമായി പിൻവലിക്കണമെന്ന് പഞ്ചാബ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, സംസ്ഥാന പൊലീസിെൻറ അനുമതിക്ക് കാത്തുനിൽക്കാതെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പുതിയ മാറ്റംവഴി കഴിയുമെന്നാണ് ബി.എസ്.എഫിെൻറ വാദം.
അതിർത്തി മേഖലയിൽ ഡ്രോണിലെത്തി ആയുധമിട്ട സംഭവങ്ങൾ മുൻനിർത്തിയാണ് ബി.എസ്.എഫിെൻറ അധികാരം വർധിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വാദിച്ചു. അതിർത്തിയിലെ ഔട്ട് പോസ്റ്റുകൾ കേന്ദ്രീകരിച്ചാണ് ബി.എസ്.എഫ് പ്രവർത്തിച്ചുവരുന്നത്. സംസ്ഥാനങ്ങൾക്കുള്ളിലേക്ക് അന്താരാഷ്്ട്ര അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ വരെ കടന്നുചെല്ലാൻ ഇനി കഴിയും. നേരേത്ത ഇത് 15 കി.മീറ്റർ മാത്രമായിരുന്നു. ഇവിടങ്ങളിൽ മജിസ്ട്രേറ്റിെൻറ ഉത്തരവോ വാറേൻറാ ഇല്ലാതെ ബി.എസ്.എഫിന് അധികാരം പ്രയോഗിക്കാം. വിശ്വാസയോഗ്യമായി കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിലെന്നപേരിൽ എവിടെയും കടന്നു ചെന്ന് റെയ്ഡ് നടത്താം. അറസ്റ്റു ചെയ്യാം. ക്രിമിനൽ നടപടിച്ചട്ടം, പാസ്പോർട്ട് നിയമം, ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട പാസ്പോർട്ട് നിയമം എന്നിവ പ്രകാരം ബി.എസ്.എഫിന് അധികാരം ലഭിക്കും.
നാഗാലൻഡ്, മിസോറം, ത്രിപുര, മണിപ്പൂർ, ലഡാക് എന്നിവിടങ്ങളിലും ബി.എസ്.എഫിന് ഈ അധികാരം ലഭിക്കും. അഞ്ചു വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലൻഡ്, മിസോറം, ത്രിപുര, മണിപ്പൂർ എന്നിവയുടെ കാര്യത്തിൽ പരിധി നിശ്ചയിച്ചിട്ടില്ല. ജമ്മു-കശ്മീർ, ലഡാക് എന്നിവിടങ്ങൾക്കും അതിർത്തി വെച്ചിട്ടില്ല. അതേസമയം, ഗുജറാത്തിൽ 80 കിലോമീറ്റർ ഉള്ളിലേക്ക് വരെ കടന്നുെചല്ലാൻ നേരേത്ത നൽകിയ അധികാരം വ്യവസ്ഥ ഏകീകരണത്തിെൻറപേരിൽ 50 കി.മീറ്ററായി ചുരുക്കി. പഞ്ചാബിൽ ഗുർദാസ്പൂർ, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, തരൺതരൺ, ഫിറോസ്പൂർ, ഫരീദ്കോട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ബി.എസ്.എഫിന് സ്വാതന്ത്ര്യം ലഭിക്കും.
പശ്ചിമ ബംഗാളിൽ മാൽഡ, ഇസ്ലാംപൂർ, അലിപൂർദ്വാർ, പഞ്ചാബിൽ ലഖിംപൂർ, ബിലാസിപാര തുടങ്ങിയ പ്രദേശങ്ങളിലേക്ക് ബി.എസ്.എഫിന് കടന്നുചെല്ലാം. റെയ്ഡിനും പിടിച്ചെടുക്കലിനുമൊക്കെ ബി.എസ്.എഫ് തുനിയുന്നത് സംസ്ഥാന പൊലീസും നാട്ടുകാരുമായി സംഘർഷങ്ങൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബി.എസ്.എഫിന് അധിക അധികാരം നൽകിയ ഏകപക്ഷീയ തീരുമാനത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അപലപിച്ചു. ഫെഡറൽ സംവിധാനങ്ങളിൽ കടന്നു കയറുന്നതും യുക്തിക്ക് നിരക്കാത്തതുമായ തീരുമാനം ഉടൻ പിൻവലിക്കാൻ അദ്ദേഹം ആഭ്യന്തരമന്ത്രി അമിത്ഷായോട് ആവശ്യപ്പെട്ടു. ബി.എസ്.എഫ് നിരീക്ഷണത്തിൽ പിഴവുകൾ ഉണ്ടായതിന് സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുകയല്ല വേണ്ടതെന്നും ഇതിനൊപ്പം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.