‘ഗുണ്ടകളെയും കൊലപാതകികളെയും ബംഗാളിൽ എത്താൻ ബി.എസ്.എഫ് സഹായിക്കുന്നു’; ഗുരുതര ആരോപണവുമായി മമത
text_fieldsകൊൽക്കത്ത: ഗുണ്ടകളെയും കൊലപാതകികളെയും ബംഗ്ലാദേശിൽനിന്ന് പശ്ചിമ ബംഗാളിലേക്ക് എത്താൻ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) സഹായിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. സംസ്ഥാനത്തിനകത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിൽ പശ്ചിമ ബംഗാൾ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെടുന്നുവെന്നും അവർ കുറ്റപ്പെടുത്തി. കൊൽക്കത്തയിൽ അഡ്മിനിസ്ട്രേറ്റിവ് റിവ്യൂ മീറ്റിങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ബി.എസ്.എഫിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കുമെന്നും അവർ പറഞ്ഞു.
“അതിർത്തി സംരക്ഷിക്കുന്നത് തൃണമൂൽ കോൺഗ്രസല്ല, ബി.എസ്.എഫാണ്. കേന്ദ്രസർക്കാറിന്റെ ഒത്താശയോടെ ബി.എസ്.എഫ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു. വ്യക്തമായ പദ്ധതിയില്ലാതെ ഇത്തരം കാര്യങ്ങൾ നടക്കില്ല. ഭീകരവാദ പ്രവർത്തനങ്ങളെ സഹായിക്കുന്ന യാതൊന്നും നോക്കിനിൽക്കാനാകില്ല. അത്തരം കാര്യങ്ങളുണ്ടായാൽ ശക്തമായി പ്രതിഷേധിക്കും. ഇസ്‌ലാംപുർ, സിതായ്, കൂച്ച്ബിഹാർ എന്നിവിടങ്ങളിലൂടെ ബംഗ്ലാദേശികളെ സംസ്ഥാനത്തേക്ക് കടക്കാൻ ബി.എസ്.എഫ് അനുവദിക്കുന്നു. അവരെ കുറിച്ച് വിവരം കൈമാറാൻ ബി.എസ്.എഫ് തയാറാകുന്നില്ല. ബംഗാളിനെ അസ്വസ്ഥപ്പെടുത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്” -മമത ആരോപിച്ചു.
ചികിത്സക്കായി ബംഗ്ലാദേശിൽനിന്ന് എത്തുന്നത് അനുവദനീയമാണെന്നും എന്നാൽ വരുന്നവരുടെ വിവരങ്ങൾ അധികൃതർക്ക് കൈമാറണമെന്നും മമത വ്യക്തമാക്കി. അതേസമയം മമതയുടെ ആരോപണത്തോട് ബി.എസ്.എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യ -ബംഗ്ലാദേശ് അതിർത്തിയുടെ സംരക്ഷണ ചുമതല അർധ സൈനിക വിഭാഗമായ ബി.എസ്.എഫിനാണ്. ഷെയ്ഖ് ഹസീന സ്ഥാന ഭ്രഷ്ടയാക്കപ്പെട്ടതോടെ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർഥികളുടെ ഒഴുക്ക് തടയാൻ ബംഗാൾ, അസം അതിർത്തികളിൽ ബി.എസ്.എഫ് ജാഗ്രത ശക്തമാക്കിയിരുന്നു.
വ്യാജ പാസ്‌പോർട്ട് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏഴുപേരെ കഴിഞ്ഞ ദിവസം ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലാദേശിൽനിന്ന് അനധികൃതമായി ബംഗാളിലേക്ക് പ്രവേശിക്കാൻ വേണ്ടിയാണ് ഇവർ പാസ്‌പോർട്ടുകൾ നൽകിയിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യമാണ് ബംഗ്ലാദേശ്. 2,272 കിലോമീറ്റർ ദൂരമാണ് പശ്ചിമ ബംഗാൾ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത്. അസം, ത്രിപുര, മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങളും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.