ബി.എസ്.എൻ.എല്ലിനും കാവിയടിച്ചു; ‘ഇന്ത്യ’ക്കുപകരം ‘ഭാരതം’
text_fieldsന്യൂഡൽഹി: സ്വന്തം ലോഗോയിൽ അടിമുടി മാറ്റംവരുത്തി രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്). ആദ്യ ലോഗോയിലെ നീലയും ചുവപ്പും മാറ്റി, ദേശീയ പതാകയിലെ നിറമാണ് നൽകിയിരിക്കുന്നത്. എന്നാൽ, ഇതിൽ കാവിനിറമാണ് തെളിഞ്ഞുനിൽക്കുന്നത്. ഒരു ഭൂപടത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം ആലേഖനം ചെയ്തിരിക്കുന്നതാണ് പുതിയ ലോഗോ. ഇതിൽ, ഭൂപടം ഏതാണ്ട് പൂർണമായും കാവി നിറത്തിലാണ്. ഭൂപടത്തെ ‘ചുറ്റുന്ന’ ദിശാസൂചികൾക്കാണ് പതാകയിലെ മറ്റു രണ്ട് നിറങ്ങൾ നൽകിയിരിക്കുന്നത്. ലോഗോയിലെ വാചകങ്ങളും മാറ്റി. നേരത്തെയുണ്ടായിരുന്ന ‘കണക്ടിങ് ഇന്ത്യ’ ക്കു പകരം ‘കണക്ടിങ് ഭാരത്’ എന്നാക്കി.
സുരക്ഷിതമായി വിശ്വസനീയമായി താങ്ങാനാവുന്ന ചെലവില്‍ ഭാരതത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തെയാണ് പുതിയ ലോഗോ പ്രതിഫലിപ്പിക്കുന്നതെന്നാണ് ബി.എസ്.എന്‍.എല്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഡല്‍ഹിയിലെ ബി.എസ്.എന്‍.എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്.
ലോഗോ മാറ്റത്തിൽ വിമര്‍ശനവുമായി തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്നും കണക്ടിങ് ഇന്ത്യ മാറ്റി കണക്ടിങ് ഭാരത് എന്നാക്കിയത് ഈ അജണ്ടയുടെ ഭാഗമാണെന്നും പി.സി.സി ആരോപിച്ചു.
നേരത്തെ, ദൂരദര്‍ശന്‍ ലോഗോ ചുവപ്പില്‍ നിന്ന് കാവിനിറത്തിലാക്കിയതും കൂടാതെ ജി20 ക്ഷണക്കത്തിൽ ഇന്ത്യ വെട്ടി ഭാരതമാക്കിയതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.