'മരണം വരെ പിന്‍ഗാമികളെ പ്രഖ്യാപിക്കില്ല'; മരുമകൻ ആകാശ് ആനന്ദിനെ ബി.എസ്.പി നേതൃസ്ഥാനത്തുനിന്ന് നീക്കി മായാവതി
text_fieldsന്യൂഡൽഹി: പാർട്ടി നേതൃത്വത്തെ അമ്പരിപ്പിച്ച് ബി.എസ്.പി ദേശീയ കോഡിനേറ്റർ സ്ഥാനത്തുനിന്ന് മരുമകൻ ആകാശ് ആനന്ദിനെ നീക്കി മായാവതി. ആകാശിന്റെ പിതാവ് ആനന്ദ് കുമാര്‍, മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ രാംജി ഗൗതം എന്നിവരാണ് പുതിയ ദേശീയ കോഡിനേറ്റര്‍മാര്‍.
ഇത് രണ്ടാംതവണയാണ് ആകാശിനെ പാർട്ടി നേതൃത്വത്തിൽനിന്ന് പുറത്താക്കുന്നത്. 2019ലാണ് ആകാശിന് ബി.എസ്.പി ദേശീയ കോഡിനേറ്ററായി നിയമിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കഴിഞ്ഞ വർഷം മെയ് ഏഴിനാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയത്. സീതാപൂരിൽ നടത്തിയ പ്രസംഗത്തിൽ വിദ്വേഷ പരാമർശം നടത്തിയതിന് കേസ് എടുത്തതിന് പിന്നാലെയായിരുന്നു നടപടി. ആഴ്ചകൾക്ക് ശേഷം ജൂൺ 23ന് ആകാശ് വീണ്ടും പദവിയിൽ തിരിച്ചെത്തി. ബി.എസ്.പിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി അശോക് സിദ്ധാർഥുമായുള്ള ആകാശിന്റെ ബന്ധമാണ് നടപടിക്ക് കാരണമെന്ന് മായാവതി വ്യക്തമാക്കി. സിദ്ധാർഥിന്റെ മകളെയാണ് ആകാശ് വിവാഹം കഴിച്ചത്. സിദ്ധാർഥിന് മകളിലുള്ള സ്വാധീനം ആകാശിലും ഉണ്ടാവും. ഈ സാഹചര്യത്തിലാണ് ആകാശിനെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കുന്നത്. ഇതിന് പൂർണ ഉത്തരവാദി സിദ്ധാർഥ് ആണെന്നും അദ്ദേഹം പാർട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും മായാവതി ആരോപിച്ചു.
തീരുമാനം ഫെബ്രുവരി 17ന് ഡൽഹിയിൽ ചേർന്ന യോഗത്തിൽ മായാവതി ആകാശിനെ അറിയിച്ചിരുന്നതായാണ് വിവരം. ഇന്ന് ചേർന്ന ഉന്നത നേതാക്കളുടെ യോഗത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്നത്തെ യോഗത്തിൽ ആകാശ് പങ്കെടുത്തിരുന്നില്ല. പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ഫെബ്രുവരി 12നാണ് സിദ്ധാർഥിനെ മായാവതി പുറത്താക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.