ബി.ജെ.പി കടപുഴകും, എസ്.പി-ബി.എസ്.പി സഖ്യം വന്നാൽ
text_fieldsന്യൂഡൽഹി: യു.പി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സമാജ്വാദി പാർട്ടി (എസ്.പി)- ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) ധാരണ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സഖ്യമായി മാറുകയാണെങ്കിൽ ബി.ജെ.പിക്ക് എന്തു സംഭവിക്കും? ഉത്തരം അങ്കലാപ്പിലാക്കുന്നത് ബി.ജെ.പിയെത്തന്നെ. 2017ലെ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിങ് നിലയനുസരിച്ച് 50 ലോക്സഭ സീറ്റെങ്കിലും പാർട്ടിക്ക് നഷ്ടമാകും. ആകെ 80 ലോക്സഭ മണ്ഡലങ്ങളിൽ എസ്.പി- ബി.എസ്.പി സഖ്യം 57 സീറ്റ് നേടും, ബി.ജെ.പി 23ൽ ഒതുങ്ങും.
എസ്.പി- കോൺഗ്രസ് സഖ്യവും ബി.എസ്.പിയും ജയിച്ച മണ്ഡലങ്ങളിലെ വോട്ടിങ് നില അടിസ്ഥാനമാക്കിയാണ് ഇൗ വിലയിരുത്തൽ. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 57 ലോക്സഭ മണ്ഡലങ്ങളിൽ എസ്.പിക്കും ബി.എസ്.പിക്കും കൂടി 1.45 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷമുണ്ടായിരുന്നു. 23 മണ്ഡലങ്ങളിൽ മാത്രമാണ് ബി.ജെ.പിക്ക് ശരാശരി 58,000 വോട്ടിെൻറ ഭൂരിപക്ഷമുണ്ടായിരുന്നത്.2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 73 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ശരാശരി 1.88 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷമുണ്ടായിരുന്നു. ഇതിൽ, 55 ഇടത്തും ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി ജയിച്ചത്. എന്നാൽ, എസ്.പി, ബി.എസ്.പി വോട്ടുകൾ ചേർന്നാൽ വെറും നാല് ലോക്സഭ മണ്ഡലങ്ങളിലെ ബി.ജെ.പിക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിക്കൂ; വാരാണസി, മഥുര, ഗാസിയാബാദ്, ഗൗതംബുദ്ധ നഗർ എന്നിവിടങ്ങളിൽ മാത്രം. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില ആവർത്തിച്ചാലും, എസ്.പി- ബി.എസ്.പി സഖ്യത്തിന് 41 സീറ്റ് നേടാം, ബി.ജെ.പിക്ക് 37ഉം.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ 73 സീറ്റാണ് തൂത്തുവാരിയത്. എസ്.പി അഞ്ച് സീറ്റ് നേടി. ബി.എസ്.പി ഒരിടത്തും ജയിച്ചില്ല. കഴിഞ്ഞവർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കായിരുന്നു ജയം. 403 അംഗ നിയമസഭയിൽ ബി.ജെ.പി സഖ്യം 325 സീറ്റ് നേടി. എസ്.പി 47, ബി.എസ്.പി 19 സീറ്റുവീതമാണ് നേടിയത്. എസ്.പിയുടെ സഖ്യകക്ഷിയായ കോൺഗ്രസിന് ലഭിച്ചത് വെറും ഏഴുസീറ്റ്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ഗോരഖ്പുരിൽ 19 ലക്ഷം വോട്ടർമാരിൽ 47.5 ശതമാനംപേർ മാത്രമാണ് വോട്ടുെചയ്തത്, ഫുൽപുരിൽ 37 ശതമാനവും. ഗോരഖ്പുരിൽ നാലരലക്ഷം(23ശതമാനം) നിഷാദ്, മല്ല എന്നീ പിന്നാക്കവിഭാഗം വോട്ടർമാരുണ്ട്, മൂന്നുലക്ഷം (18 ശതമാനം) മുസ്ലിം വോട്ടർമാരും മൂന്നര ലക്ഷം ദലിത് വോട്ടർമാരുമുണ്ട്. ഇവരാണ് എസ്.പി സ്ഥാനാർഥിയുടെ ജയത്തിന് കാരണമായത്. ഫുൽപുരിലും പേട്ടൽ, മുസ്ലിം, കായസ്ത, യാദവ വോട്ടുകൾ എസ്.പിയെ തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.