ബി.ജെ.പി സ്ഥാനാർഥിക്കായി കോൺഗ്രസ് വോട്ട് മറിച്ചെന്ന്; സഖ്യം വിടാനൊരുങ്ങി രാജസ്ഥാനിലെ ഘടകകക്ഷി ബി.ടി.പി
text_fieldsജയ്പുർ: ദേശീയ- സംസ്ഥാന രാഷ്ട്രീയത്തിലെ ബദ്ധവൈരികളെന്നറിയപ്പെടുന്ന കോൺഗ്രസും ബി.ജെ.പിയും രാജസ്ഥാനിലെ ജില്ലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെറുകക്ഷികളെ തോൽപിക്കാൻ കൈകോർത്തു. നിയമസഭയിൽ തങ്ങളെ പിന്തുണ ക്കുന്ന ഭാരതീയ ട്രൈബൽ പാർട്ടിയുടെ (ബി.ടി.പി) സ്ഥാനാർഥിക്കെതിരെയാണ് ദുൻഗർപുർ ജില്ല പരിഷദ് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് ബി.ജെ.പിയെ പിന്തുണച്ചത്.
27 അംഗ ജില്ല പരിഷത്തിൽ 13 അംഗങ്ങളുള്ള ട്രൈബൽ പാർട്ടിക്ക് ഒരു കോൺഗ്രസ് അംഗത്തിെൻറ വോട്ടുകൂടി ലഭിച്ചാൽ അധ്യക്ഷ സ്ഥാനം ലഭിക്കുമായിരുന്നു. എന്നാൽ, എട്ട് അംഗങ്ങളുള്ള കോൺഗ്രസും ആറ് അംഗങ്ങളുള്ള ബി.ജെ.പിയും ഒത്തുചേർന്ന് സ്വതന്ത്രയായി മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയെ വിജയിപ്പിച്ചെടുത്തു. സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി ഉയർന്ന സമയത്ത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് പിന്തുണ നൽകി ഉറച്ചുനിന്ന ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട് നിയമസഭാംഗങ്ങൾ രാജ്യസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെയാണ് തുണച്ചത്.
ആപത്കാലത്ത് സഹായിച്ച തങ്ങളെ ചതിച്ച കോൺഗ്രസുമായി നിയമസഭയിൽ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് ബി.ടി.പി അധ്യക്ഷൻ വെലറാം ഗോദ്ര പറഞ്ഞു. പാർട്ടി ഉന്നത സമിതി രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും. നിയമസഭയിൽ ബി.ജെ.പിയെ പിന്തുണക്കുന്ന രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി സ്ഥാനാർഥിയെ നാഗൗറിലെ കിൻസ്വാർ പഞ്ചായത്ത് സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും ഒത്തുചേർന്ന് തോൽപിച്ച സംഭവവുമുണ്ട്. ഇവിടെ സ്വതന്ത്ര അംഗത്തിനാണ് അധ്യക്ഷ സ്ഥാനം ലഭിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രാദേശിക സഖ്യങ്ങൾ സ്വാഭാവികമാണെന്നും അതത് നാടുകളിലെ അവസ്ഥ അനുസരിച്ച് സഖ്യമുണ്ടാക്കാൻ പ്രാദേശിക ഘടകങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സതീഷ് പുനിയ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.