സെബി മേധാവിയുടെ ഉത്തരങ്ങൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു; നിർമലക്ക് മറുപടിയുമായി ജയറാം രമേശ്
text_fieldsന്യൂഡൽഹി: സെബി ചെയർപേഴ്‌സൻ മാധബി ബുച്ചും അവരുടെ ഭർത്താവും നൽകുന്ന ‘ഉത്തരങ്ങൾ’ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതായും തങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ പുറത്തു വന്നിട്ടുള്ള വസ്തുതകളെ ഇതുവരെ ആരും എതിർത്തിട്ടില്ലെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ്. 2022 മുതലെങ്കിലും ഈ വസ്തുതകൾ ധനമന്ത്രി നിർമല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അറിയാമായിരുന്നുവെന്നും ഈ വസ്തുതകൾ നിസ്സാരമാണെന്ന് അവർ കരുതുന്നുണ്ടോയെന്നും ജയറാം രമേശ് ചോദിച്ചു. മാർക്കറ്റ് റെഗുലേറ്ററിന്റെ പ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും അദ്ദേഹം വിമർശിച്ചു.
മാധബി ബുച്ചും അവരുടെ ഭർത്താവ് ധവാൽ ബുച്ചും കോൺഗ്രസിന്റെ ആരോപണങ്ങൾക്കെതിരായ വസ്തുതകൾ പുറത്തുവിട്ട് സ്വയം പ്രതിരോധിക്കുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് രമേശിന്റെ പരാമർശം. ‘കുറച്ച് ആരോപണങ്ങൾക്ക് അവർ ഉത്തരം നൽകിയിട്ടുണ്ട്. വസ്തുതകൾ ബോർഡിൽ എടുക്കേണ്ടിവരുമെന്ന് കരുതുന്നുവെന്നും’ മാധബി ബുച്ചുമായി ബന്ധപ്പെട്ട ആരോപണങ്ങളെകുറിച്ചുള്ള ചോദ്യത്തിന് കഴിഞ്ഞ ദിവസം നിർമല പ്രതികരിച്ചിരുന്നു. ആദ്യമായാണ് അവർ ഈ വിഷയത്തിൽ സംസാരിക്കുന്നത്. മാധബി ബുച്ചിന്റെ ഉത്തരങ്ങളിൽ തൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് അത് താനിവിടെ വിലയിരുത്തുന്നില്ലെന്നും കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ വ്യാജവും ദുരുദ്ദേശപരവും പ്രചോദിതവുമാണെന്ന് മാധബി ബുച്ചും ഭർത്താവും കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ നിഷേധിച്ചതാണെന്നുമായിരുന്നു മറുപടി.
സെബി ചെയർപേഴ്സന്റെ ഒന്നിലധികം ‘വിരുദ്ധ താൽപര്യങ്ങളുടെ’ വിഷയത്തിൽ ധനമന്ത്രി ഒടുവിൽ മൗനം ലംഘിച്ചുവെന്ന് ഇതിനോട് എക്‌സിലെ ഒരു പോസ്റ്റിൽ ജയറാം രമേശ് പ്രതികരിച്ചു. സെബി ചെയർപേഴ്‌സനും ധവാൽ ബുച്ചും ‘താൽപര്യ വൈരുദ്ധ്യത്തിന്റെ’ ആരോപണങ്ങൾക്ക് മറുപടി നൽകിയതായി ധനമന്ത്രി പറയുന്നു എന്നാൽ, ഈ ഉത്തരങ്ങൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അദാനി ഗ്രൂപ്പിനെതിരെ സുപ്രീംകോടതി ഉത്തരവിട്ട സെബി അന്വേഷണം ശരിക്കും നീതിപൂർവവും നിഷ്പക്ഷവും സമ്പൂർണവും ആയിരുന്നോ എന്നും രമേശ് ചോദിച്ചു.
അദാനി അസോസിയേറ്റുകളിലേക്ക് പണം തിരിച്ചുവിടാനും ഓഹരി വിലകൾ വർധിപ്പിക്കാനും ഉപയോഗിക്കുന്ന ഒരു ഫണ്ടിൽ ബുച്ച് ദമ്പതികൾക്ക് മുൻ നിക്ഷേപമുണ്ടെന്ന് ‘ഹിൻഡൻബർഗ്’ ആരോപിച്ചിരുന്നു. 2011 വരെ അവർ ജോലി ചെയ്തിരുന്ന ഐ.സി.ഐ.സി.ഐയുമായും മഹീന്ദ്ര ഗ്രൂപ്പുമായും മറ്റ് നാല് കമ്പനികളുമായുമുള്ള അവരുടെ ഭർത്താവ് ധവാൽ ബുച്ചിന്റെ ഇടപാടുകളിൽ താൽപര്യ വൈരുധ്യമുണ്ടെന്ന് കോൺഗ്രസും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.