ബദായൂൻ ജമാ മസ്ജിദ് കേസ്: മുസ്‍ലിം പക്ഷം പത്തിന് വാദം പൂർത്തിയാക്കണമെന്ന് കോടതി
text_fieldsബദായൂൻ (യു.പി): യു.പി ബദായൂനിലെ ശംസി ജമാ മസ്ജിദ് വിഷയത്തിൽ മുസ്‍ലിം പക്ഷത്തിന്റെ വാദം ഡിസംബർ പത്തിന് പൂർത്തിയാക്കണമെന്ന് കോടതി. പള്ളിയിൽ ആരാധന അനുമതി ആവശ്യപ്പെട്ടുള്ള ‘അഖിൽ ഭാരത് ഹിന്ദു മഹാസഭ’യുടെ ഹരജിയിൽ വാദം കേട്ടശേഷമാണ് കോടതി ഇങ്ങനെ നിർദേശിച്ചത്.
ആരാധന അവകാശത്തിൽ ഹരജി നൽകാനുള്ള ഹിന്ദു മഹാസഭയുടെ അധികാരം മസ്ജിദ് കമ്മിറ്റിയുടെയും വഖഫ് ബോർഡിന്റെയും അഭിഭാഷകൻ അസ്റാർ അഹ്മദ് ചോദ്യം ചെയ്തു. ഹരജി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളിക്ക് 850 വർഷം പഴക്കമുണ്ട്. അവിടെ അമ്പലമുണ്ടായിരുന്നില്ല. പള്ളിയിൽ ഒരിക്കലും ഹിന്ദുക്കൾ പ്രാർഥന നടത്തിയിട്ടുമില്ല. ഹരജി 1991ലെ ആരാധനാലയ നിയമത്തിനെതിരാണെന്നും അഭിഭാഷകൻ തുടർന്നു. തുടർന്ന് സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി അമിത് കുമാർ അടുത്ത വാദംകേൾക്കൽ ഡിസംബർ പത്തിലേക്ക് മാറ്റി. മുസ്‍ലിം പക്ഷം അന്നുതന്നെ അവരുടെ വാദം പൂർത്തീകരിക്കണമെന്നും നിർദേശമുണ്ട്.
കേസിൽ ഹിന്ദുപക്ഷത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വേദ് പ്രകാശ് സാഹു വിഷയം വലിച്ചുനീട്ടാനാണ് മുസ്‍ലിം പക്ഷം ശ്രമിക്കുന്നതെന്ന് ആരോപിച്ചു. തങ്ങളുടെ പക്കൽ വ്യക്തമായ തെളിവുണ്ടെന്നും ആരാധന അവകാശം കോടതി അനുവദിച്ചുതരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സാഹു തുടർന്നു. അവകാശം സ്ഥാപിച്ചുകിട്ടാനായി ആവശ്യമെങ്കിൽ സുപ്രീംകോടതിവരെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇൽത്തുമിഷിന്റെ കാലത്ത് മഹിപാൽ രാജാവിന്റെ കോട്ടയിലെ നീലകണ്ഠ ക്ഷേത്രം തകർത്താണ് പള്ളി സ്ഥാപിച്ചതെന്നാണ് ഹിന്ദുപക്ഷ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.