ബുദ്ധദേവ് തുറന്നിട്ടത് പുറംകാഴ്ചകൾക്കപ്പുറത്തെ മനുഷ്യരുടെ പകച്ച മുഖം
text_fieldsഋത്വിക് ഘട്ടക്കും സത്യജിത് റേയും നയിച്ച ബംഗാളി സമാന്തര സിനിമയിലെ രണ്ടാം തലമുറയുടെ തട്ടകം കാത്തവരിൽ പ്രധാനി എന്ന മേൽവിലാസം കുറിച്ചാണ് ബുദ്ധദേവ് ദാസ്ഗുപ്ത കാലത്തിരശ്ശീലക്ക് പിന്നിലേക്ക് മായുന്നത്.
സാമ്പത്തികശാസ്ത്രത്തിെൻറ ഉൗടുവഴികളിൽനിന്ന് നിഴലും വെളിച്ചവും ഇഴപിരിഞ്ഞുകിടന്ന ദൃശ്യങ്ങളുടെ ലോകത്തേക്ക് കയറിവന്ന ബുദ്ധദേവ് സമ്മാനിച്ചത് ക്ലാസിക്കുകളായി എന്നും കാത്തുവെക്കുന്ന ഒരുപിടി ചിത്രങ്ങളായിരുന്നു. പ്രമേയഘടനയിലും ആവിഷ്കാരരീതികളിലും ഘട്ടക്കിനെയും സത്യജിത് റേയും പിന്തുടർന്നതായി തോന്നിപ്പിക്കുമ്പോഴും അവരിൽനിന്ന് വേറിട്ടുനിന്ന ദൃശ്യവിന്യാസങ്ങളിലൂടെ വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിക്കാനും ബുദ്ധദേവിനായി.
നാലു പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ ബുദ്ധദേവ് സംവിധാനം ചെയ്തത് 21 ചിത്രങ്ങളാണ്. 11 തവണയും ദേശീയ പുരസ്കാരങ്ങൾ നേടി എന്നതാണ് ശ്രദ്ധേയം. മികച്ച സംവിധായകന് രണ്ട് തവണയും (ഉത്തര -200, സ്വപ്നേർ ദിൻ - 2005) മികച്ച ചിത്രത്തിന് അഞ്ചു തവണയും (ബാഗ് ബഹാദൂർ -1989, ചരാചർ - 1993, ലാൽ ധൻജ -1997, മോണ്ടോ മേയർ ഉപഖ്യാൻ - 2002, കാൽപുരുഷ് -2008) മികച്ച തിരക്കഥക്ക് ഒരു തവണയും (ഫേര -1987), മികച്ച ബംഗാളി ചിത്രത്തിന് മൂന്നു തവണയും (ദൂരത്വ -1978, ഫേര -1987, തഹദേർ കഥ -1993) അദ്ദേഹം സ്വന്തമാക്കി.
വെനീസ്, ബർലിൻ, ലൊകാർണോ, ഏഷ്യ പസഫിക്, ബാേങ്കാക് ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യൻ സിനിമയുടെ മുഖമായി നിരവധി തവണ ബുദ്ധദേവിെൻറ ചിത്രങ്ങൾ ഇടംപിടിച്ചിരുന്നു.
നിരവധി പുരസ്കാരങ്ങളും നേടിയിരുന്നു. 1944 ഫെബ്രുവരി 11ന് ബംഗാളിലെ പുരുളിയയിലാണ് ബുദ്ധദേവ് ജനിച്ചത്. റെയിൽവേയിൽ ഡോക്ടറായിരുന്ന പിതാവിനും കുടുംബത്തിനുമൊപ്പം പലയിടത്തായി പറിച്ചുനട്ട ബാല്യത്തിൽ തന്നെ ദൃശ്യങ്ങളുടെ വിസ്മയലോകം ബുദ്ധദേവിൽ കുടിയേറിയിരുന്നു. കൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളജിൽനിന്നും കൽക്കട്ട യൂനിവേഴ്സിറ്റിയിൽനിന്നും ഇക്കണോമിക്സിൽ പഠനം പൂർത്തിയാക്കിയ ശേഷം ശ്യംസുന്ദർ കോളജിലും സിറ്റി കോളജിലും അധ്യാപകനായി.
താൻ പഠിപ്പിക്കുന്ന സാമ്പത്തിക സിദ്ധാന്തങ്ങളും സാമൂഹിക യാഥാർഥ്യങ്ങളും തമ്മിലുള്ള അന്തരം തിരച്ചറിഞ്ഞ അദ്ദേഹം അധ്യാപകവൃത്തിയേട് വിടപറഞ്ഞു. എല്ലാ തത്ത്വങ്ങൾക്കും അപ്പുറത്ത് നിസ്സഹായരായി തീരുന്ന മനുഷ്യരുടെ ജീവിതത്തിനുനേരേ കാമറ തിരിച്ചുവെക്കാൻ തീരുമാനിച്ചത് അങ്ങനെയായിരുന്നു. ചില ഹ്രസ്വചിത്രങ്ങളിലായിരുന്നു തുടക്കം. 1978ൽ 'ദൂരത്വ' എന്ന ആദ്യ ചിത്രത്തിൽതന്നെ ബംഗാളിലെ സമാന്തര സിനിമയുടെ രണ്ടാംതലമുറയിൽ തെൻറ സ്ഥാനം ഉറപ്പിക്കാൻ ബുദ്ധദേവിനായി.
ഘട്ടക്കിെൻറ വൈകാരിക വിക്ഷുബ്ധതയോ സത്യജിത് റേയുടെ ദാർശനികതയോ ബുദ്ധദേവിലില്ലായിരുന്നു. മനുഷ്യജീവിതത്തിെൻറ കുറേക്കൂടി യഥാർഥമായ മുഖത്തെ അതിവൈകാരികതകളില്ലാതെ തെളിച്ചുകാട്ടുകയായിരുന്നു അദ്ദേഹം. നീം അന്നപൂർണ, ഗൃഹജുദ്ധ, അന്ധിഗലി, ഫേര, ബാഗ് ബഹാദൂർ, തഹ്ദേർ കഥ തുടങ്ങിയ ചിത്രങ്ങൾ പുറംകാഴ്ചകൾക്കുമപ്പുറത്തു പകച്ചു നിൽക്കുന്ന മനുഷ്യരെ തൊട്ടുകാണിച്ചു.
2013ൽ നവാസുദ്ദീൻ സിദ്ദീഖി നായകനായ കറുത്ത ഫലിതത്തിൽ പൊതിഞ്ഞ 'അൻവർ കാ അജബ് കിസ്സ' എന്ന ഹിന്ദി ചിത്രമാണ് ഒടുവിലത്തെ ശ്രദ്ധിക്കപ്പെട്ട സിനിമ. 2018ൽ പുറത്തിറങ്ങിയ 'ഉരോജഹാജ്' എന്ന സിനിമയായിരുന്നു അവസാനത്തേത്.
രണ്ടാം ലോകമഹാ യുദ്ധത്തിൽ കാടിനുള്ളിൽ തകർന്നുവീണ വിമാനത്തിെൻറ അവശിഷ്ടങ്ങളിൽനിന്ന് ആകാശത്തേക്കു പറക്കാൻ കൊതിക്കുന്ന ഒരു മനുഷ്യെൻറ ഭ്രാന്തൻ സ്വപ്നങ്ങളായിരുന്നു ചിത്രത്തിെൻറ ഇതിവൃത്തം. വെള്ളിത്തിരയെ ഭ്രാന്തമായി സ്നേഹിച്ച ബുദ്ധദേവ് ഇൗ ലോകം വിട്ട് പറക്കുന്നതും യാഥാർഥ്യങ്ങളിൽ ഭ്രമാത്മകത വിളക്കിച്ചേർത്ത സിനിമകളെ പ്രേക്ഷകമനസ്സുകളിൽ പ്രതിഷ്ഠിച്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.