തകർന്ന കോപ്ടറിലുള്ളവരെ രക്ഷിക്കാനെത്തി മരണം
text_fieldsന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിനിടെ ഇരുരാജ്യങ്ങളും ഒരു തവണയെങ്കിലും പരസ്പരം വ്യോമാതിർത്തികൾ ലംഘിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കാലത്ത് 10.10ന് മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിലുള്ള ഗരേന്ദ് കലാൻ ഗ്രാമത്തിലെ പാടത്ത് ഇന്ത്യൻ വ്യോമസേനയുടെ എം.െഎ17 കോപ്ടർ തകർന്നു. ഇതിൽ ആറ് ഒാഫിസർമാരാണുണ്ടായിരുന്നത്.
എങ്ങനെയാണ് കോപ്ടർ തകർന്നത് എന്നകാര്യം ഇപ്പോഴും വ്യക്തമല്ല. ഇൗ സമയം പ്രദേശത്തുള്ള കിഫായത്ത് ഹുസൈൻ ഗനാഇ എന്ന 21കാരൻ തെൻറ നാലു സുഹൃത്തുക്കൾക്കുമൊപ്പം വെയിൽകായുകയായിരുന്നു. അപ്പോൾ ആകാശത്ത് വലിയൊരു ശബ്ദം കേട്ടു. മുകളിലേക്ക് നോക്കിയപ്പോൾ റോക്കറ്റ് പോലെ എന്തോ ഒന്ന് തങ്ങൾക്കുനേരെ കുതിച്ചുവരുന്നതായി തോന്നിയ അവർ ചിതറിയോടി. പിന്നീട്, വീണത് ഹെലികോപ്ടറാണെന്ന് മനസ്സിലായി.
അന്തരീക്ഷമാകെ പുകയായിരുന്നുവെന്ന് ഇൗ സുഹൃദ്സംഘത്തിലുണ്ടായിരുന്ന ഷാനവാസ് ഹുസൈൻ പറഞ്ഞു. കേവലം 15 മീറ്റർ ദൂരെയായിരുന്നു കോപ്ടർ വീണത്. നാലുപേർ ഗനാഇ നിൽക്കുന്നിടത്തു നിന്ന് ദൂരെയെത്തിയിരുന്നു. ‘നമുക്ക് പൈലറ്റിനെ രക്ഷിക്കാൻ ശ്രമിക്കാമെന്ന്’ ഗനാഇ വിളിച്ചുപറഞ്ഞു. കോപ്ടറിെൻറ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് ഗനാഇ അങ്ങോട്ട് ഒാടി. എന്നാൽ, അയാൾ കോപ്ടറിന് അടുത്ത് എത്തിയപ്പോൾ വലിയൊരു സ്ഫോടന ശബ്ദം കേട്ടു. അത് തങ്ങളെ പിറകോട്ടടിപ്പിച്ചുവെന്ന് ഹുസൈൻ പറഞ്ഞു. ആ സ്േഫാടനശബ്ദവും തീയും അടങ്ങിയതോടെ ഗനാഇയും ഇൗ ലോകത്തുനിന്ന് പോയിരുന്നു. കോപ്ടറിനടുത്ത് കണ്ട കത്തിക്കരിഞ്ഞ മൃതദേഹം പൈലറ്റിെൻറതാകുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, അത് ഗനാഇ ആണെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഗനാഇയുടെ ഒരു കാൽ തെറിച്ചുപോയിരുന്നു. സ്ഫോടന ശബ്ദം ഗ്രാമത്തെയാകെ കുലുക്കിയിരുന്നു. യുദ്ധം തുടങ്ങിയെന്നാണ് അവർ കരുതിയത്.
ഗനാഇയുടെ മരണവാർത്ത ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്ത്തി. കുടുംബത്തിലെ ഏറ്റവും ഇളയ ആളായിരുന്നു. ഒരു വയസ്സുള്ളപ്പോൾ തന്നെ പിതാവിനെ നഷ്ടമായി. കടുത്ത ദാരിദ്ര്യത്തിലാണ് വളർന്നത്. അതിനാൽ പഠനംപോലും പൂർത്തിയാക്കാനായില്ല. ചെറുപ്രായത്തിൽ ഇഷ്ടികക്കളത്തിൽ കൂലിപ്പണിക്കാരനായി മാറേണ്ടി വന്നു. ഗാനാഇയുടെ മരണവിവരം അറിഞ്ഞതുമുതൽ സഹോദരി അഫ്റോസ തളർന്നിരിപ്പാണ്. പേർഷ്യൻ പുതുവത്സര ദിനമായ ‘നൗറൂസി’ൽ തനിക്ക് പുതുവസ്ത്രം വാങ്ങിത്തരാനിരുന്നതാണെന്ന് പറഞ്ഞാണ് അവർ കരയുന്നത്.
മറ്റൊരു ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണ് ഗനായിക്ക് ജീവൻ നഷ്ടമായതെന്നും അതുകൊണ്ട് അയാൾ രക്തസാക്ഷിയാണെന്നും ഗ്രാമത്തിലെ ഒരു വയോധികൻ പറഞ്ഞു. ആ മനസ്സ് ദൈവം കാണാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തകർന്നു വീഴാറായ വീടുമാറ്റി പുതിയൊരു വീടുപണിയുക, സഹോദരിയുടെ വിവാഹം നടത്തുക എന്നീ രണ്ടു ലക്ഷ്യങ്ങളാണ് ഗനായിക്കുണ്ടായിരുന്നത്. ഇനി അതുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.