‘നെഹ്റുവിന്‍റെ ഭാര്യ’ എന്നറിയപ്പെട്ട ബുധ്നി മെജാൻ അന്തരിച്ചു
text_fieldsധൻബാദ്: ഝാർഖണ്ഡിലെ പഞ്ചേത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചത് വഴി വിവാദത്തിലായ ബുധ്നി മെജാൻ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പഞ്ചേതിനെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ബുധ്നിയുടെ സംസ്കാര ചടങ്ങുകൾ പഞ്ചേത് ഘട്ടിൽ നടന്നു. സി.ഐ.എസ്.എഫ് ജവാന്മാർ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു.
1959 ഡിസംബർ ആറിന് ദാമോദർ നദിയിൽ നിർമിച്ച അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചത് ആദിവാസി വിഭാഗത്തിൽപ്പെട്ട ബുധ്നി മെജാൻ ആയിരുന്നു. തന്നെ സ്വീകരിക്കാൻ ഉപയോഗിച്ച മാല നെഹ്റു തിരികെ ബുധ്നിയുടെ കഴുത്തിൽ ഇടുകയും ചെയ്തു. തുടർന്ന് ഹൈഡൽ സ്വിച്ച് അമർത്തി അണക്കെട്ട് രാഷ്ട്രത്തിന് സമർപ്പിച്ചത് നെഹ്റുവും ബുധ്നിയും ചേർന്നായിരുന്നു.
നെഹ്റുവിനെ മാലയിട്ട സംഭവത്തിൽ ബുധ്നിയെ സാന്താൾ ഗോത്ര വിഭാഗം ഊരുവിലക്ക് ഏർപ്പെടുത്തി. മാലയിട്ടത് വഴി ബുധ്നി നെഹ്റുവിനെ വിവാഹം കഴിച്ചെന്നായിരുന്നു ഉയർന്ന ആരോപണം. ഇതേതുടർന്ന് നെഹ്റുവിന്‍റെ ഭാര്യ എന്നാണ് ബുധ്നി അറിയപ്പെട്ടിരുന്നത്. തുടർന്ന് ഏറെ നാൾ സമൂഹത്തിൽ ഒറ്റപ്പെട്ട അവരെ കാണാതായി.
ഏറെ നാളുകൾക്ക് ശേഷം സംഭവം അറിഞ്ഞ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ബുധ്നിക്ക് ദാമോദർവാലി കോർപറേഷനിൽ ജോലി നൽകുകയായിരുന്നു. പിന്നീട് വിവാഹിതയായ ബുധ്നിക്ക് ഒരു മകളും ഒരു മകനുമുണ്ട്. ബുധ്നിയുടെ ഗ്രാമം മൻഭും ജില്ലയിലെ ഖൈർബാനയിലായിരുന്നു. എന്നാൽ, പഞ്ചേത് അണക്കെട്ട് നടപ്പാക്കുന്നതിനായി പദ്ധതി പ്രദേശത്ത് നിന്ന് മാറ്റിസ്ഥാപിക്കപ്പെട്ടു.
ബുധ്നിയുടെ ജീവിതമാണ് സാറാ ജോസഫിന്‍റെ പ്രശസ്ത നോവലായ 'ബുധ്നി'ക്ക് ഇതിവൃത്തമായത്. ബുധ്നിയുടെ വിശ്വാസവും ആചാരവും ഗോത്രാനുഷ്ഠാനങ്ങളും നോവലിന്‍റെ ഭാഗമായി. പഞ്ചേതിലെത്തി ബുധ്നിയെ സാറാ ജോസഫ് സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.