ബഫർ സോൺ: പാർലമെന്‍റ് വളപ്പിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ പാർലമെന്റ് വളപ്പിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. സാറ്റലൈറ്റ് സർവേ നിർത്തുക, ഫിസിക്കൽ സർവേ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
അശാസ്ത്രീയവും അപൂര്‍ണവുമായ ഉപഗ്രഹ സർവേക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സർക്കാർ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരം ഏറ്റെടുക്കുമെന്നും കെ.പി.സി.സി പ്രഖ്യാപിച്ചിരുന്നു.
കരുതൽ മേഖല വിഷയത്തില്‍ ആശങ്കകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 3.30ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.
കരുതൽ മേഖല സംബന്ധിച്ച കേസ് ജനുവരിയിൽ സുപ്രീംകോടതിയില്‍ വരാനിരിക്കെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. നിരവധി ജനവാസമേഖലകള്‍ ഉപഗ്രഹസര്‍വേയില്‍നിന്ന് വിട്ടുപോയതായ ആക്ഷേപം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
വനം, റവന്യൂ, തദ്ദേശ, ധനകാര്യ മന്ത്രിമാരും ചീഫ് സെക്രട്ടറിയും വനം മേധാവിയും വിവിധ വകുപ്പ് തലവന്മാരും പങ്കെടുക്കും. കരുതൽമേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ വിഷയവും ചർച്ചചെയ്യുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കരുതൽ മേഖല വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിവിധ രാഷ്ട്രീയ, മത സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉപഗ്രഹ സര്‍വേയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ അവ്യക്തതകള്‍ ഉണ്ടെന്ന് വനം മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.അതേസമയം, കരുതൽ മേഖല ഉള്‍പ്പെടുന്ന ജനവാസമേഖലകള്‍ പൂര്‍ണമായും കണ്ടെത്തുന്നതിനുള്ള ഫീല്‍ഡ് തല സര്‍വേയുടെ കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനം ഉണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.