വെടിവെപ്പിനു പിന്നാലെ സംഭലിൽ ബുൾഡോസർ രാജും; വീടുകളും കടകളും ഇടിച്ചുനിരത്തുന്നു
text_fieldsലഖ്നോ: ഹിന്ദുത്വവാദികൾ അവകാശവാദമുന്നയിച്ചതിനെ തുടർന്ന് സർവേക്കിടെയുണ്ടായ സംഘർഷത്തിൽ അഞ്ച് മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ട സംഭൽ ശാഹി ജമാമസ്ജിദ് പരിസര പ്രദേശത്ത് ബുൾഡോസർ രാജുമായി ഉത്തർപ്രദേശ് സർക്കാർ. ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കലിന് സുപ്രീംകോടതിയുടെ കടുത്ത മാർഗനിർദേശങ്ങൾ നിലവിലിരിക്കെയാണ് അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കലും വൈദ്യുതി മോഷണം തടയലും ലക്ഷ്യമിട്ടെന്ന് പറഞ്ഞ് യോഗി സർക്കാറിന്റെ നടപടി.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ബുൾഡോസർ ഉപയോഗിച്ച് പ്രദേശത്തെ വീടുകളുടെയും സ്ഥാപനങ്ങളുടെയും മുൻഭാഗം പൊളിക്കാൻ തുടങ്ങിയത്. നഖാസ പൊലീസ് സ്റ്റേഷന് പരിധിയിലെ വീടുകൾക്കും കടകൾക്കും മുന്നിലുള്ള ഓടകൾ കൈയേറ്റം ഒഴിപ്പിച്ച് വൃത്തിയാക്കുകയും പൊതുസ്ഥലങ്ങൾ തിരിച്ചുപിടിക്കുകയുമാണ് ലക്ഷ്യമെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ശ്രീഷ് ചന്ദ്ര പറഞ്ഞു. സമാജ് വാദി എം.പി സിയാവു റഹ്മാൻ ബർഖിന്റെ താമസസ്ഥലത്തിന് സമീപമാണ് കൈയേറ്റം ഒഴിപ്പിക്കുന്ന പ്രദേശങ്ങൾ.
പരിശോധനക്കിടെ ഒരു വീട്ടിൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ ശേഖരം കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. ഹാജി റബ്ബാന്റെ വീട്ടിൽനിന്നാണ് 25 സിലിണ്ടറുകൾ കണ്ടെത്തിയത്. എന്നാൽ, വിവാഹ ചടങ്ങിനായി സൂക്ഷിച്ചവയാണ് ഇവയെന്ന് വീട്ടുകാർ പറഞ്ഞു. രണ്ട് സിലിണ്ടറുകളിലാണ് പാചക വാതകമുണ്ടായിരുന്നത് മറ്റുള്ളവ കാലിയായിരുന്നു. ഇവ കണ്ടുകെട്ടി കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതിനിടെ വൈദ്യുതി മോഷണം കണ്ടെത്താൻ വൈദ്യുതി വകുപ്പും പരിശോധന തുടങ്ങി. നാല് പള്ളികളുടെയും ഒരു മദ്റസയുടെയും അനധികൃത വൈദ്യുതി കണക്ഷൻ കണ്ടെത്തിയതായി ഏക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. 1.25 കോടി വിലവരുന്ന 130 കിലോവാട്ട് വൈദ്യുതി മോഷണം കണ്ടെത്തിയതായും ഇതിൽ ഉൾപ്പെട്ട 49 വ്യക്തികൾക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശാഹി ജമ മസ്ജിദ് പ്രദേശത്തെ ക്രമസമാധാനം പുനഃസ്ഥാപിക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുമുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമാണ് നടപടികളെന്ന് ജില്ല മജിസ്ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു.
അതിനിടെ, പരിശോധനക്കിടെ കണ്ടെത്തിയ ഭസ്മശങ്കർ ക്ഷേത്രത്തിൽ പൂജകൾ ആരംഭിച്ചു. ഭക്തർ ക്ഷേത്രം സന്ദർശിക്കാനും പ്രാർഥന നടത്താനും തുടങ്ങിയതായി മഹന്ത് ആചാര്യ വിനോദ് ശുക്ല പറഞ്ഞു.
സായുധ പൊലീസിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന് സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംഭലിൽ 1978ലുണ്ടായ കലാപത്തെതുടർന്ന് അടച്ചിട്ട ക്ഷേത്രമാണിത്. വെടിവെപ്പുണ്ടായ ശാഹി ജമാമസ്ജിദിൽനിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.