ഇൻഡോർ ക്ഷേത്രക്കിണർ ദുരന്തം: അനധികൃത കിണർ മേൽക്കൂര പൊളിക്കാൻ ബുൾഡോസറുകളുമായി മുൻസിപ്പാലിറ്റി
text_fieldsഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ സ്ലാബ് തകർന്ന് വീണ് 36 പേർ മരിക്കാനിടയായ ദുരന്തത്തിനു പിന്നാലെ ബുൾഡോസറുമായി എത്തി കിണറിനു മുകളിലെ അനധികൃത നിർമാണം പൊളിച്ചുമാറ്റാൻ മുൻസിപ്പാലിറ്റി അധികൃതർ. ഇൻഡോറിലെ ബാലേശ്വർ മഹാദേവ് ക്ഷേത്രത്തിനുള്ളിലെ കിണറിന് മേൽക്കൂര അനധികൃതമായി പണിതതാണ്. അഞ്ച് ബുൾഡോസറുകളാണ് ക്ഷേത്രത്തിൽ എത്തി കിണറിനു മകളിലായി പണിത കെട്ടിടം പൊളിച്ചു മാറ്റുന്നത്
അനധികൃത നിർമാണം പൊളിച്ചുമാറ്റാൻ മുൻസിപ്പൽ, പൊലീസ് അധികാരികളുടെ വൻ സംഘം തന്നെ രാവിലെ ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്. തടസമൊന്നും കൂടാതെ പൊളിച്ചു നീക്കൽ പൂർത്തിയാക്കാനാണ് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിരിക്കുന്നത്.
ഏതെങ്കിലും തരത്തിൽ പ്രതിഷേധമുണ്ടായാൽ തടയാനായി നാല് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെയാണ് ക്ഷേത്ര പരിസരത്ത് വിന്യസിച്ചത്. ഡെപ്യൂട്ടി മുൻസിപ്പൽ കമീഷണർ, ജില്ലാ മജിസ്ട്രേറ്റ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. അൽപ്പസമയത്തിനകം പൊളിക്കൽ നടപടികൾ ആരംഭിക്കും.
അനധികൃതമായി നിർമിച്ച കിണർ മേൽക്കൂര നേരത്തെ ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷൻ പൊളിക്കാനായി പദ്ധതിയിട്ടിരുന്നു. എന്നാൽ മത വികാരം വ്രണപ്പെടുത്തുന്ന നടപടിയാകുമെന്ന ക്ഷേത്ര അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്ന് പിന്നാക്കം നിന്നതായിരുന്നു.
രാമ നവമി ആഘോഷത്തിനിടെ കയറാവുന്നതിലധികം ആളുകൾ കിണർ മൂടിയ സ്ലാബിൽ കയറി നിന്നതാണ് അപകടത്തിനിടയാക്കിയത്. സ്ലാബ് തകർന്ന് കിണറിലേക്ക് വീണ് 36 പേരാണ് മരിച്ചത്.
തങ്ങൾ നിൽക്കുന്നത് കിണറിനു മുകളിലാണെന്ന് ആളുകൾക്ക് പലർക്കും അറിയില്ലായിരുന്നു. സംഭവത്തിൽ ക്ഷേത്ര ട്രസ്റ്റി ഭാരവാഹികൾക്ക് എതിരെ കേസെടുക്കുകയും അനധികൃത നിർമാണം പൊളിച്ചുമാറ്റാത്തതിൽ രണ്ട് മുൻസിപ്പൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.