ബുൾഡോസർ ബാബ യു.പിയെ ജംഗിൾ രാജിലേക്ക് നയിക്കുന്നു -യോഗിക്കെതിരെ അഖിലേഷ് യാദവ്
text_fieldsലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബുൾഡോസർ ബാബ സംസ്ഥാനത്തെ തെറ്റായ ദിശയിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഉത്തർപ്രദേശ് കഴിഞ്ഞ അഞ്ചു വർഷമായി അരാജകത്വത്തിന്റെയും ജംഗിൾ രാജിന്റെയും പിടിയിലാണ്. ബുൾഡോസറിന്റെ സ്റ്റിയറിങ്ങിൽ കൈവച്ച് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുമ്പോൾ അധികാരത്താൽ സംരക്ഷിക്കപ്പെട്ട കുറ്റവാളികൾ പുറത്ത് നാശം വിതക്കുകയാണെന്ന് അഖിലേഷ് പറഞ്ഞു.
"ബി.ജെ.പി നുണ പറയുന്നതിൽ സമർഥരാണ്. നുണയും ചതിയും കൊണ്ടാണ് യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചത്. യു.പി ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലും വിജയിക്കുന്നതിനായി ജനാധിപത്യവിരുദ്ധമായ മാർഗങ്ങൾ ഉപയോഗിച്ചു" -അഖിലേഷ് പറഞ്ഞു.
യു.പിയിൽ ബി.ജെ.പി സർക്കാർ രൂപീകരിച്ചതിന് തൊട്ടുപിന്നാലെ അയോധ്യയിൽ അഞ്ചു വയസ്സുകാരി ബലാത്സംഗത്തിനിരയായി. ഇരയുടെ കുടുംബം ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണ്. ബലാത്സംഗം നടന്നതായി പറയപ്പെടുന്ന മഠം പൊളിക്കാൻ എന്തുകൊണ്ട് യോഗി ആദിത്യനാഥ് ബുൾഡോസർ അയച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
മോചനദ്രവ്യം നൽകാൻ മാതാപിതാക്കൾക്ക് കഴിയാതെ വന്നതിനെ തുടർന്ന് യു.പിയിലെ ഗൊരഖ്പൂർ മണ്ഡലത്തോട് ചേർന്നുള്ള ജില്ലയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് അഖിലേഷ് ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം ഒന്നാകെ തകർന്നിരിക്കുകയാണ്. ഇനി ഇവിടെ നിക്ഷേപം നടത്താൻ ആരാണ് തയാറാവുകയെന്നും അദ്ദേഹം ചോദിച്ചു.
രാജ്യം മുഴുവൻ വില കയറ്റത്തിൽ പൊറുതി മുട്ടുകയാണെങ്കിലും വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാന്റിന് ഉദ്ദേശ്യമില്ല. രാാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ കേന്ദ്ര സർക്കാർ മുട്ടു കുത്തിച്ചെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.