സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃ വീട്ടിൽ നിന്നും പുറത്താക്കി; 'ബുൾഡോസർ' എൻട്രിയുമായി യുവതി
text_fieldsലഖ്നോ: സ്ത്രീധനതർക്കത്തെ തുടർന്ന് ഭർതൃവീട്ടുകാർ പുറത്താക്കിയ പെൺകുട്ടിയെ വീട്ടിൽ തിരിച്ചു കയറ്റാൻ ബുൾഡോസറുമായി എത്തി പൊലീസ്. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലാണ് സംഭവം. നൂതൻ മാലിക് എന്ന യുവതിയെ ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിക്കാൻ സഹായിക്കാൻ അലഹബാദ് ഹൈകോടതി സിറ്റി പൊലീസിന് നിർദേശം നൽകിയിരുന്നു. എന്നാൽ യുവതിയെ വീട്ടിൽ തിരിച്ചുകയറ്റാൻ ഭർതൃവീട്ടുകാർ വിസമ്മതിച്ചു.
ഗെയ്റ്റ് തുറക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ തുറന്ന് നൽകിയില്ല. എകദേശം ഒരു മണിക്കൂർ വീടുനുപുറത്ത് നിൽക്കേണ്ടി വന്നതിനെ തുടർന്ന് പൊലീസ് ബുൾഡോസർ കൊണ്ടുവന്നു. ബുൾഡോസർ ഉപയോഗിച്ച് ഗെയ്റ്റ് പൊളിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതോടെ ഗെയ്റ്റു തുറക്കാൻ വീട്ടുകാർ നിർബന്ധിതരാവുകയായിരുന്നു.
വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ ഭർതൃവീട്ടുകാർ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നെന്നും അഞ്ചു ലക്ഷം രൂപയും ബൊലേരോ കാറും ആവശ്യപ്പെട്ടതായും നൂതന്‍റെ പിതാവ് പറഞ്ഞു. എന്നാൽ ആവശ്യം നടപ്പിലാക്കാൻ യുവതിയുടെ വീട്ടുകാർക്ക് കഴിഞ്ഞില്ല. തുടർന്ന് യുവതിയെ മർദ്ദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.
അതോടെ, യുവതി കോടതിയെ സമീപിച്ചു. കോടതി യുവതിക്കനുകൂലമായി വിധി പുറപ്പെടുവിച്ചു. ഭർതൃവീട്ടുകാരോട് യുവതിയെ സ്വീകരിക്കാൻ ഉത്തരവിടുകയും പൊലീസുകാരോട് സംരക്ഷണം നൽകാൻ നിർദേശം നൽകുകയും ചെയ്തു.
എന്നാൽ സ്ഥിതിഗതികൾ സാധാരണനിലയിലാണെന്നും ഭർതൃവീട്ടിലേക്ക് തിരിച്ചുകയറാനായി യുവതിയെ പൊലീസ് സഹായിച്ചുവെന്നും എസ്.പി പ്രവീൺ രഞ്ജൻ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.