യോഗി ആദിത്യനാഥ് തുടങ്ങിവെച്ച ബുൾഡോസർ രാഷ്ട്രീയം പടരുന്നു
text_fieldsന്യൂഡൽഹി: രാമനവമി ഘോഷയാത്രയോട് അനുബന്ധിച്ച് വർഗീയ സംഘർഷം ഉണ്ടായ ബി.ജെ.പി സംസ്ഥാനങ്ങളിലെ സമാന തിരക്കഥ ഹനുമാൻ ജയന്തി ഘോഷയാത്ര അക്രമത്തിൽ കലാശിച്ച ഡൽഹിയിലും ആവർത്തിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പാണ് നടക്കാനുളളതെങ്കിൽ ഡൽഹിയിൽ മുനിസിപ്പൽ തെരെഞ്ഞടുപ്പാണ് വരാനിരിക്കുന്നത് എന്ന വ്യത്യാസം മാത്രം.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് തുടങ്ങിവെച്ച് മധ്യപ്രദേശിലേക്കും ഗുജറാത്തിലേക്കും വ്യാപിപ്പിച്ച വിദ്വേഷത്തിെൻറ ബുൾഡോസർ ബി.ജെ.പി ഡൽഹിയിൽ ഇറക്കിയതിനു പിന്നിൽ വരാനിരിക്കുന്ന ഡൽഹി മുനിസിപ്പിൽ തെരഞ്ഞെടുപ്പ്. മൂന്ന് മുനിസിപ്പൽ കൗൺസിലുകളിലേക്ക് പരാജയം ഉറപ്പിച്ച ഘട്ടത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി മൂന്ന് കൗൺസിലുകളും ഒന്നാക്കി പാർലമെന്റിൽ നിയമം കൊണ്ടുവന്ന ബി.ജെ.പി അതിലേക്കുള്ള തെരഞ്ഞെടുപ്പിനായി കളമൊരുക്കാനാണ് ഡൽഹിയിലും ബുൾഡോസർ ഇറക്കിയത്.
ബംഗാളി മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശം
അനുമതി ഇല്ലാതെ നോമ്പുതുറ സമയത്ത് പൊലീസ് അകമ്പടിയോടെ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ആയുധമേന്തി നടത്തിയ ഘോഷയാത്ര ജഹാംഗീർപുരി സി ബ്ലോക്കിൽ കല്ലേറിലും അക്രമത്തിലും കലാശിച്ചിരുന്നു. തുടർന്ന് ഘോഷയാത്രക്കാരെ പിടികൂടാതെ ഒരു വിഭാഗത്തെ മാത്രം ഏകപക്ഷീയമായി അറസ്റ്റ് ചെയ്തത് വിവാദമായി.
ഇരു സമുദായക്കാരും അറസ്റ്റിലായെന്നു പറഞ്ഞ് അത് നിഷേധിച്ച് ഡൽഹി പൊലീസ് രംഗത്തുവന്നു. അതിനിടയിലാണ് പ്രദേശത്ത് പ്രശ്നമുണ്ടാക്കിയത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്നും റോഹിങ്ക്യൻ അഭയാർഥികൾ അതിലുണ്ടെന്നും ബി.ജെ.പി പ്രചാരണം തുടങ്ങിയത്. അതിന് പിന്നാലെ ബി.ജെ.പി മുനിസിപ്പൽ കൗൺസിൽ ബുൾഡോസർ ഓപറേഷന് ഡൽഹി പൊലീസിന്റെ സഹായം തേടി അയച്ച കത്ത് ചൊവ്വാഴ്ച പുറത്തു വന്നു.
പൊളിക്കലിൽ ജനങ്ങൾക്ക് വലിയ സന്തോഷമെന്ന് ഡൽഹി മേയർ
ന്യൂഡൽഹി: ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി ജനങ്ങൾക്ക് വലിയ സന്തോഷമായെന്ന് വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ രാജ ഇഖ്ബാൽ സിങ്. വടക്കൻ ഡൽഹിയിലെ മുഴുവൻ അനധികൃത കുടിയേറ്റങ്ങൾക്കുമുള്ള മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. വർഗീയ സംഘർഷം നടന്ന സമയത്തുള്ള ഇടിച്ചുനിരത്തൽ മോശം സന്ദേശം നൽകില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സിങ്ങിന്റെ മറുപടി.
പൊളിച്ചുമാറ്റിയത് നന്നായി എന്നാണ് ജനങ്ങൾ തന്നോട് പറഞ്ഞതെന്ന് സിങ്ങ് കൂട്ടിച്ചേർത്തു. സുപ്രീംകോടതി ഉത്തരവ് മാധ്യമങ്ങൾ വഴി 11മണിക്ക് മുമ്പ് അറിഞ്ഞിട്ടും 12.30 വരെ പൊളിച്ചുനീക്കൽ തുടർന്നത് കോടതിയലക്ഷ്യമല്ലേ എന്ന ചോദ്യത്തിന് താൻ ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞപ്പോൾ നിർത്തിവെച്ചെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.