ജീവിതങ്ങൾ തകർത്ത് എറിഞ്ഞ് ബുൾഡോസർ രാജ്
text_fields''ഒരു നോട്ടീസ് നൽകിയിരുന്നെങ്കിൽ തന്‍റെ ഷോപ്പിലെ സാധനങ്ങളെങ്കിലും എടുത്തുമാറ്റാമായിരുന്നു. നോട്ടീസ് പോയിട്ട് ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് കട അതിലൂടെ സാധനങ്ങളോടെ പൊളിച്ചുനീക്കിയത്'' ജഹാംഗീർ പുരി പള്ളിയോട് ചേർന്ന കെട്ടിടത്തിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന സാജിദ് സൈഫിയുടേതാണ് വാക്കുകൾ.
ആയുധങ്ങളുമായി വന്ന ഹനുമാൻ ജയന്തി ഘോഷയാത്രക്കാർ കാവിക്കൊടി കെട്ടാനും അതിക്രമിച്ചുകയറാനും നോക്കിയ പള്ളിയുടെ മുൻഭാഗത്തെ മതിലും സ്റ്റീൽഗേറ്റും പൊളിച്ചുനീക്കിയ ശേഷമാണ് തന്‍റെ കടയിലേക്ക് വന്നതെന്ന് സാജിദ് പറഞ്ഞു. സുപ്രീംകോടതി സ്റ്റേ ഉത്തരവ് ഇറക്കിയ ശേഷമാണ് പള്ളിയുടെ മുൻഭാഗവും ചേർന്നുള്ള തന്‍റേതടക്കമുള്ള കടകളും പൊളിക്കാൻ ബുൾഡോസറുകൾ കൊണ്ടുവന്നത്. കോടതി വിധി വന്നിട്ടുണ്ടെന്നും ഇനിയും പൊളിക്കരുതെന്നും പറഞ്ഞിട്ടും അത് കേൾക്കാൻ പോലും കൂട്ടാക്കാതെ എം.സി.ഡി ഉദ്യോഗസ്ഥരും പൊലീസും നടപടിയുമായി മുന്നോട്ടുപോയെന്നും സാജിദ് പറഞ്ഞു.
അതേ റോഡിൽ തൊട്ടപ്പുറത്ത് ശിവക്ഷേത്രമുണ്ട്. പള്ളിയേക്കാൾ റോഡിലേക്കിറക്കി കെട്ടിയിരിക്കുന്നു ക്ഷേത്രത്തിന്‍റെ മുൻഭാഗം. അതിനൊന്നും പറ്റിയിട്ടില്ല. ഉച്ചയായതോടെ ആ ഭാഗം ബാരിക്കേഡ് വെച്ച് അടച്ച പൊലീസ് പള്ളിയുടെയും ക്ഷേത്രത്തിന്‍റെയും സമീപത്ത് നിന്ന് മാധ്യമപ്രവർത്തകരെയും ഒഴിപ്പിച്ചു. പൊലീസ് തണലിന് കെട്ടിയ പന്തലിന് മുന്നിലായി പൊളിച്ചുമാറ്റിയ ഒറ്റമുറി വീടിന്‍റെ മുന്നിൽ പൊരിവെയിലത്തിരിക്കുകയാണ് പർവീൻ.
(പർവീൻ)
'രണ്ട് മാസമായി പെറുക്കി കൂട്ടിയ പഴയ സാധനങ്ങൾ ബുൾഡോസർ കോരിയെടുത്ത് കൊണ്ടുപോയി. പെരുന്നാളിന് പുതുവസ്ത്രങ്ങൾ വാങ്ങാനായി സ്വരൂക്കൂട്ടിയതെല്ലാം കൊണ്ടുപോയി. ഭർത്താവ് ഉപേക്ഷിച്ചുപോയ ശേഷം മക്കളെ പോറ്റി വളർത്തുന്നത് പഴയ സാധനങ്ങൾ സ്വരൂക്കൂട്ടി വിറ്റാണ്. എല്ലാം കൂടി ഏഴായിരത്തോളം രുപയുടെ സാധനങ്ങളുണ്ടായിരുന്നു. പെരുന്നാളിന് രണ്ടാഴ്ച കൂടിയാണുള്ളത്. ഇനിയൊന്നും ചെയ്യാനില്ല' -പർവീൻ വിതുമ്പി.
'കൈയിൽ എല്ലാം രേഖകളുമുണ്ടെന്നും കാണിച്ചുതരാമെന്നും പറഞ്ഞുനോക്കി. പൊളിച്ചുമാറ്റൽ സുപ്രീംകോടതി സ്റ്റേ ചെയ്ത് ഒരു മണിക്കൂർ ആയെന്നും പറഞ്ഞു. എന്നിട്ടും അവരിത് തകർത്തു.' തന്‍റെ ജ്യൂസ് ഷോപ്പിന് മുന്നിൽ നിന്ന് ഗണേഷ് കുമാർഗുപ്ത തന്‍റെ നിസഹായത വിവരിച്ചു. വർഗീയ സംഘർഷത്തിന്‍റെ പേരിലാണെന്ന് പൊളിക്കുന്നതെങ്കിൽ അതിലൊന്നുമില്ലാത്ത തന്‍റെ കെട്ടിടം എന്തിന് പൊളിച്ചുവെന്നും ഗുപ്ത ചോദിച്ചു. മുനിസിപ്പൽകോർപറേഷൻ സാധാരണ ചെയ്യാറുള്ള പോലെ കയ്യേറ്റം ഒഴിപ്പിക്കലാണന്ന വാദം മരക്കച്ചവടക്കാരനായ വിനോദ്കുമാർ തള്ളി. ജനുവരിയിലാണ് ഒടുവിൽ എം.ഡി.സിക്കാർ വന്നത്.
(പൊളിച്ചു മാറ്റിയ ജഹാംഗീർപുരി പള്ളിയുടെ മുൻഭാഗം)
സാധാരണ ചെയ്യാറുള്ളത് പോലെ റോഡിലിറക്കിവെച്ചത് മാറ്റിവെക്കാൻ പറഞ്ഞ് പോകുകയാണ് അന്നും ചെയ്തത്. എന്നാൽ ബുൾഡോസറുമായി വന്ന് എല്ലാം പൊളിച്ച് എടുത്തുമാറ്റുകയാണ് ഇത്തവണ ചെയ്തതെന്നും വിനോദ് പറഞ്ഞു. ബി.ജെ.പിയുടെ മുനിസിപ്പൽ കൗൺസിൽ ബുൾഡോസർ ഉപയോഗിച്ചു പൊളിച്ചുമാറ്റിയ 50ലധികം അനധികൃത നിർമാണങ്ങളിൽ വിഷ്ണുവിന്‍റെ ജ്യൂസ് കടയും വിനോദ് കുമാറിന്‍റെ മരക്കച്ചവടവും അടക്കം മൂന്ന് കടകളാണ് ഹിന്ദു സമുദായത്തിൽ നിന്ന് തകർക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.