വർഗീയ കലാപത്തിന് പിന്നാലെ ഹരിയാനയിൽ ‘ബുൾഡോസർ രാജ്’; 250 കുടിലുകൾ ഇടിച്ചുനിരത്തി
text_fieldsഗുരുഗ്രാം: നൂഹ് വർഗീയ സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ചേരികൾക്കുനേരെ ബുൾഡോസർ പ്രയോഗവുമായി അധികൃതർ. ടൗരു പട്ടണത്തിലെ സർക്കാർ ഭൂമിയിൽ കഴിയുന്നവരുടെ 250ഓളം കുടിലുകളാണ് ഇടിച്ചുനിരത്തിയത്.
‘ഹരിയാന ശഹാരി വികാസ് പ്രതികരൺ’ ഭൂമിയിൽ കഴിയുന്ന അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കുടിലുകളാണ് ഇടിച്ചുനിരത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇവർ നേരത്തെ അസമിലാണ് താമസിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കുടിലുകൾ പൊളിച്ചതിന് വർഗീയ സംഘർഷവുമായി ബന്ധമില്ലെന്നാണ് നൂഹ് ഡെപ്യൂട്ടി കമീഷണർ പ്രശാന്ത് പൻവർ പറയുന്നത്. ഇവിടുത്തെ ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ മൂന്നു വർഷങ്ങളായി കഴിയുന്ന കുടുംബങ്ങളാണ് വഴിയാധാരമായത്.
അതിനിടെ, നൂഹ് വർഗീയ സംഘർഷത്തിൽ കൊല്ലപ്പെട്ടയാളുടെ പാനിപത്തിലെ വീടിനടുത്തുള്ള കട ആക്രമികൾ തകർത്തു. കോഴിയിറച്ചിക്കടയാണ് തകർത്തത്. സമീപം നിർത്തിയിട്ട രണ്ട് വാഹനങ്ങൾ തകർത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
മേഖലയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊതുവിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഇവിടം കലുഷിതമാക്കാനാണ് ഈ പ്രവൃത്തിയെന്ന് സ്ഥലവാസികൾ പറഞ്ഞു. അക്രമത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
നൂഹ് സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 202 ആയെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. 80 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ഗുരുഗ്രാമിലും ഫരീദാബാദിലും പൽവാലിലുമായി 102 കേസുകൾ എടുത്തു. ഇതിൽ പകുതിയും നൂഹിലാണ്. ആക്രമികളെ ആരെയും വെറുതെ വിടില്ലെന്ന് മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച ജുമുഅക്കായി വേണ്ട സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ചില മതനേതാക്കൾ വിശ്വാസികളോട് വീട്ടിൽവെച്ചുതന്നെ നമസ്കാരം നിർവഹിക്കാൻ ആഹ്വാനം ചെയ്തു. നൂഹിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ആരാണ് ആക്രമണത്തിന് പിന്നിലെന്നും എന്ത് രേഖകൾ നശിപ്പിക്കാനാണ് ഇവർ ലക്ഷ്യമിട്ടതെന്നും അന്വേഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. നൂഹിൽ വർഗീയ സംഘർഷമുണ്ടായപ്പോൾ അവധിയിലായിരുന്ന സ്ഥലം എസ്.പി വരുൺ സിംഗ്ലയെ സ്ഥലം മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.