ഡൽഹിയിലെ ഷെഹീൻബാഗിലും ബുൾഡോസർ രാജ്; വൻ പ്രതിഷേധവുമായി പ്രദേശവാസികൾ, പൊളിക്കൽ നടപടി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി
text_fieldsന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിക്ക് പിന്നാലെ ഷെഹീൻബാഗിലും ഇടിച്ചുനിരത്താൻ നീക്കം. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്‍റെ മേൽനോട്ടത്തിലാണ് ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ നടപടി ആരംഭിച്ചത്. അതേസമയം, കെട്ടിടങ്ങളും വീടുകളും ഇടിച്ചുനിരത്തുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. നിലത്തു കിടന്നു പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ കോർപറേഷൻ കൊണ്ടുവന്ന ബുൾഡോസർ തടഞ്ഞു.
ഇതിനിടെ, കോർപറേഷന്‍റെ പൊളിക്കൽ നടപടി അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. ജസ്റ്റിസ് നാഗേശ്വർ റാവുവിന്‍റെ ബെഞ്ചിന്‍റെ മുമ്പാകെ വിഷയം അവതരിപ്പിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അനുമതി നൽകി.
കോർപറേഷന്‍റെ അതിന്റെ ജോലി ചെയ്യുമെന്ന് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്‍ സെൻട്രൽ സോൺ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജ്പാൽ വാർത്താ ഏജൻസി എ.എൻ.ഐയോട് പറഞ്ഞു. തൊഴിലാളികളും ഉദ്യോഗസ്ഥരും ബുൾഡോസറുകളും തയാറാണ്. തുഗ്ലക്കാബാദ്, സംഗം വിഹാർ, ന്യൂ ഫ്രണ്ട്സ് കോളനി, ഷഹീൻ ബാഗ് എന്നിവിടങ്ങളിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്നും രാജ്പാൽ വ്യക്തമാക്കി.
പൊതുസ്ഥലത്തെ അനധികൃത കൈയേറ്റങ്ങളാണ് പൊളിക്കുകയെന്ന് കോർപറേഷൻ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, പ്രദേശത്ത് അനധികൃത കൈയേറ്റങ്ങളില്ലെന്ന് പ്രദേശത്തെ കൗൺസിലർ വസീബ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ജഹാംഗീർപുരി സി ബ്ലോക്കിലെ മുസ് ലിം പള്ളിയുടെ മുൻഭാഗവും കടകളും കെട്ടിടങ്ങളും സുപ്രീംകോടതി ഉത്തരവ് ലംഘിച്ചും ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ നേതൃത്വത്തിൽ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചു മാറ്റിയിരുന്നു. പൊളിക്കൽ തുടങ്ങിയ ഉടൻ അത് തടഞ്ഞ് സുപ്രീംകോടതി ഉത്തരവിറങ്ങിയെങ്കിലും ഒന്നര മണിക്കൂർ നേരം പൊളിക്കൽ തുടരുകയായിരുന്നു.
ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ആദേശ് ഗുപ്ത നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകുന്നതടക്കം നടപടികൾ പാലിക്കാതെയാണ് ഒമ്പത് ബുൾഡോസറുകൾ ജഹാംഗീർ പുരി സി ബ്ലോക്കിൽ എത്തിയത്.
ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവെ, സഞ്ജയ് ഹെഗ്ഡെ എന്നിവരും വൃന്ദ കാരാട്ടിന്‍റെ അഭിഭാഷകനായ അഡ്വ. സുരേന്ദ്ര നാഥും വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് പിന്നാലെ സുപ്രീംകോടതി തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. ജഹാംഗീർപുരി പള്ളിയുടെ മുൻഭാഗവും ഇരുവശത്തുമുള്ള ഭൂരിഭാഗം കടകളും ഹിന്ദു സമുദായത്തിൽപ്പെട്ട മൂന്നു പേരുടെ കടകളും കോടതിയുടെ ഉത്തരവ് വന്നശേഷമാണ് പൊളിച്ചുമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.