കശ്മീരിൽ പൊലീസ് സബ് ഇൻസ്പെക്ടർ വെടിയേറ്റ് മരിച്ച നിലയിൽ
text_fieldsശ്രീനഗർ: ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ പാംപോർ മേഖലയിൽ പൊലീസ് സബ് ഇൻസ്പെക്ടറെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സമ്പൂര എസ്.ഐ ഫാറൂഖ് അഹമ്മദ് മിർ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ സമ്പൂര ഗ്രാമത്തിലെ നെൽവയലിലാണ് ഫാറൂഖിന്‍റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.
23 ഐ.ആർ.പി ബറ്റാലിയനിലാണ് അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നത്. തന്റെ നെൽവയലിൽ ജോലി ചെയ്യുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെ ഫാറൂഖിനെ തീവ്രവാദികൾ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ച് കൊന്നതാണെന്ന് കശ്മീർ പൊലീസ് പറഞ്ഞു. ജമ്മുകശ്മീരിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേന രണ്ടു ലശ്കറെ ത്വയ്യിബ ഭീകരരെ വധിച്ചിരുന്നു.
ഇതിൽ ഒരാൾ ജൂൺ രണ്ടിന് കുൽഗാമിൽ ബാങ്ക് മാനേജരായ രാജസ്ഥാൻ സ്വദേശിയെ വെടിവച്ചു കൊന്നയാളാണെന്ന് സൈന്യം അറിയിച്ചു. ശ്രീനഗറിലെ ബെമിന മേഖലയിൽ തിങ്കളാഴ്ചയാണ് ഏറ്റുമുട്ടൽ നടന്നത്. പുൽവാമയിൽ ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലശ്കറെ ത്വയ്യിബ ഭീകരരെ സുരക്ഷസേന വധിച്ചു.
മെയ് 13ന് പൊലീസ് ഓഫീസർ റെയാസ് അഹമദിനെ കൊലപ്പെടുത്തിയിയ ജുനൈദ് ഷിഗോരി ഉൾപ്പെടെയുള്ളവരാണ് ഇൗ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. തെക്കൻ കശ്മീരിലെ കുൽഗാമിൽ ജൂൺ 11ന് നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ സുരക്ഷസേന വധിച്ചിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.