ബുള്ളറ്റ് ട്രെയിൻ ചെലവേറിയ കളിയുപകരണമെന്ന് വിദഗ്ധർ; മോദി ഒപ്പിട്ടത് 2005ൽ മൻമോഹൻ തള്ളിയ പദ്ധതി
text_fieldsന്യൂഡൽഹി: 2005ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് വേണ്ടെന്നുവെച്ച ബുള്ളറ്റ് ട്രെയിൻ പദ്ധതി ചെലവേറിയ കളിയുപകരണം മാത്രമാണെന്ന വിമർശനവുമായി വിദഗ്ധർ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താൽപര്യമെടുത്ത് ഒപ്പിട്ട അഹ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി കോടികളുടെ ദുർവിനിയോഗമാണെന്നും സാമ്പത്തികമായി വിജയിക്കില്ലെന്നുമുള്ള വിമർശനവുമായി മുൻ ജോയൻറ് സെക്രട്ടറി ജാവേദ് ഉസ്മാനി, മെട്രോമാൻ ഇ. ശ്രീധരൻ തുടങ്ങിയവരാണ് രംഗത്തുവന്നത്.
ജപ്പാെൻറ വായ്പയിലും അവരുടെതന്നെ സാേങ്കതികവിദ്യയിലും നടപ്പാക്കുന്ന പദ്ധതി വലിയ നേട്ടമായി ആഘോഷിക്കുന്നുണ്ടെങ്കിലും കെണിയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ ഒാഫിസിലെ ജോയൻറ് സെക്രട്ടറിയായിരുന്ന ജാവേദ് ഉസ്മാനി പറഞ്ഞു. ചെലവേറിയ ജപ്പാൻ സാേങ്കതികവിദ്യ മാത്രമേ അനുവദിക്കൂ എന്ന ഉപാധിയോടെയാണ് ജപ്പാൻ വായ്പ നൽകുന്നത്. 98,000 കോടി രൂപ ചെലവുള്ള പദ്ധതിക്ക് രണ്ട് പതിറ്റാണ്ടായി ജപ്പാൻ ഇന്ത്യക്കുമേൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു.
2005 ഏപ്രിലിൽ അന്നത്തെ ജപ്പാൻ പ്രധാനമന്ത്രി ജുനിച്ചിറോ കൊയ്സുമിയുടെ ഇന്ത്യാസന്ദർശനവേളയിൽ പദ്ധതിക്ക് കടുത്ത സമ്മർദമാണ് അവർ ചെലുത്തിയത്. അന്ന് 50,000 കോടിയായിരുന്നു പദ്ധതിചെലവ്. െറയിൽേവ ബോർഡ് മുൻ ചെയർമാൻ ആർ.കെ. സിങ്ങും വിദേശ മന്ത്രാലയ സെക്രട്ടറി രാജീവ് സിക്രിയും പദ്ധതിയെ പിന്തുണച്ച് രംഗത്തുവന്നു. എന്നാൽ, വിഷയം ചർച്ച ചെയ്ത യോഗങ്ങളിൽ ജപ്പാൻ വായ്പ ലഭിച്ചില്ലെങ്കിൽ റയിൽേവ ബജറ്റിലൂടെ പദ്ധതിക്ക് 50,000 കോടി നൽകുമോ എന്ന് ഇരുവരോടും ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി.
എളുപ്പം കിട്ടുന്ന വായ്പത്തുകയുടെ വലുപ്പത്തിൽ കവിഞ്ഞ് പശ്ചാത്തല വികസനമൊരുക്കുകയല്ല പദ്ധതിയുടെ ലക്ഷ്യമെന്ന് ഇതോടെ മനസ്സിലായി. എന്നാൽ, ജപ്പാൻ വായ്പ ലഭിച്ചാലും അത് ഇന്ത്യ തിരിച്ചടക്കേണ്ടിവരുമെന്നും മുതൽമുടക്ക് ഒരിക്കലും തിരിച്ചുകിട്ടാനാകാത്ത പദ്ധതിയാണിതെന്നും എക്കാലവും സബ്സിഡിയിൽ ഒാടിക്കേണ്ടിവരുമെന്നും പറഞ്ഞ് അന്നത്തെ ധനകാര്യസെക്രട്ടറി രാകേഷ് മോഹൻ ജപ്പാൻ വാഗ്ദാനം തള്ളി. ഡൽഹി-മുംബൈ വ്യവസായ ഇടനാഴിയെന്ന രാജ്യം മുന്നോട്ടുവെച്ച പദ്ധതിക്ക് ജപ്പാൻ സഹായം ലഭ്യമാക്കുകയും ചെയ്തു.
തങ്ങളുടെ ചെലവേറിയ സാേങ്കതികവിദ്യക്കും അനക്കമറ്റ് കിടക്കുന്ന അതിവേഗ ട്രെയിൻ നിർമാണ സംവിധാനങ്ങൾക്കും വിപണി കണ്ടെത്താനുള്ള ജപ്പാെൻറ ശ്രമമാണ് പദ്ധതി. കേവലം 500 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയിലൂടെ മുംബൈയിൽ നിന്ന് അഹ്മദാബാദിലേക്ക് നിലവിൽ വിമാനത്തിൽ പോകുന്ന ഏതാനും പേരെ ട്രെയിനിലേക്ക് മാറ്റാൻ കഴിയുമെന്നല്ലാതെ മറ്റൊന്നും കിട്ടാനില്ലെന്നും അതിേനക്കാൾ ആവശ്യമുള്ള അടിസ്ഥാനസൗകര്യവികസനം രാജ്യത്തെ 63,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള െറയിൽേവ ശൃംഖലക്ക് വേണ്ടതുണ്ടെന്നും ജാവേദ് ഉസ്മാനി ഒാർമിപ്പിച്ചു.
രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരേണ്ട സമയമല്ല ഇതെന്ന് മെട്രോമാൻ ഇ. ശ്രീധരനും അഭിപ്രായപ്പെട്ടു. ബുള്ളറ്റ് ട്രെയിനിനേക്കാൾ ഇന്ത്യൻ െറയിൽേവയുടെ നിലവിലുള്ള അടിസ്ഥാനസൗകര്യം വികസിപ്പിക്കുകയാണ് വേണ്ടത്. നിലവിലുള്ള െറയിൽേവശൃംഖലയുടെ വേഗം കൂട്ടുക, യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുക തുടങ്ങിയവക്കാണ് ശ്രദ്ധ നൽകേണ്ടത്. 10 വർഷം കഴിഞ്ഞേ ബുള്ളറ്റ് ട്രെയിനൊക്കെ ആവശ്യമാകൂ എന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.