ബുള്ളി ബായ്, സുള്ളി ഡീൽസ് കേസുകളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
text_fieldsന്യൂഡൽഹി: വിദ്വേഷ പ്രചാരണത്തിനായി മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച ബുള്ളി ബായ്, സുള്ളി ഡീൽസ് ആപ്പുകൾക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പൊലീസിന്‍റെ സൈബർ പ്രിവെൻഷൻ അവയർനെസ് ആൻഡ് ഡിറ്റക്ഷൻ സെന്‍ററാണ് കുറ്റപത്രം സമർപ്പിച്ചത്. സുള്ളി ഡീൽസ് കേസിൽ ഓംകാരേശ്വർ താക്കൂറിനേയും ബുള്ളി ബായ് കേസിൽ നീരജ് ബിഷ്ണോയേയും മുഖ്യ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
2700 പേജുള്ള കുറ്റപത്രത്തിൽ 2000 പേജുകൾ ബുള്ളിബായ് കേസിനെയും 700 പേജുകൾ സുള്ളി ഡീൽസിനേയും പരാമർശിക്കുന്നതാണ്. സുള്ളി ഡീൽസ് എന്ന ഓപ്പൺ സോഴ്സ് ആപ്പിന്‍റെ നിർമ്മാതാവായ ഓംകാരേശ്വർ താക്കൂറിനെ സ്പെഷ്യൽ സെല്ലിന്‍റെ ഐ.എഫ്.എസ്.ഒ വിഭാഗം ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. നേരത്തെ വിഷയം ജനശ്രദ്ധ നേടിയതോടെ പൊലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് വൈകിയിരുന്നു. മുഖ്യപ്രതി നീരജ് ബിഷ്ണോയ് ഉൾപ്പെടെ നാലു പേരെയാണ് ബുള്ളി ബായ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
സുള്ളി ഡീലുകൾക്ക് ഉപയോഗിച്ച ഗിറ്റ് ഹബ് എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ബുള്ളി ബായ് ബായ് ആപ്പ് നിർമ്മിച്ചിരുന്നത്. വിവിധ മേഖലകളിൽ പ്രഗത്ഭരായ മുസ്ലീം സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു ഇരു കാമ്പയിനുകളും. 2021 ജൂലൈയിലാണ് സുള്ളി ഡീൽസ് എന്ന പേരിൽ മുസ്ലിം സ്ത്രീകൾക്കെതിരായ വിദ്വേഷ പ്രചാരണത്തിന്‍റെ ആദ്യ ആപ്പ് പ്രത്യക്ഷപ്പെടുന്നത്. നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങളും വിവരങ്ങളുമാണ് ഇത്തരത്തിൽ പ്രചരിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.