'ബുള്ളി ബായ്' വിദ്വേഷ ആപ്: മുഖ്യപ്രതിയും സഹായിയും പിടിയിൽ
text_fieldsന്യൂഡൽഹി: 'ബുള്ളി ബായ്' എന്ന വിദ്വേഷ ആപ് ഉണ്ടാക്കി പ്രമുഖരടക്കമുള്ള നൂറുകണക്കിന് മുസ്ലിം വനിതകളെ 'ലേലത്തിന് വെച്ച' കേസിൽ മുഖ്യ പ്രതിയടക്കം രണ്ട് പേർ പിടിയിൽ. ഗിറ്റ് ഹബ് എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിൽ വ്യാജ ഓൺലൈൻ ലേല വെബ്സൈറ്റ് ഉണ്ടാക്കിയ 19 കാരിയായ എൻജിനീയറിങ് വിദ്യാർഥിനി ശ്വേതസിങിനെ ഉത്തരാഖണ്ഡിൽനിന്നാണ് മുംബൈ പൊലീസ് പിടികൂടിയത്. വിദ്വേഷ ആപ് ഉണ്ടാക്കാൻ സഹായിച്ച 21കാരനായ വിശാൽ കുമാർ ഝാ ബംഗളൂരുവിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ഉത്തരാഖണ്ഡിൽ മുഖ്യപ്രതി പിടിയിലാവുന്നത്. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് 'ബുള്ളി ബായ്' ആപിനെതിരായ അന്വേഷണം. വിശാൽ കുമാറിനെ 10 മണിക്കൂർ ചോദ്യം ചെയ്താണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വിശാൽ കുമാറിനെ ജനുവരി 10 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. യുവതിയെ ഉത്തരാഖണ്ഡിലെ കോടതിയിൽ ഹാജരാക്കിയ ശേഷം മുംബൈയിലേക്ക് കൊണ്ടുവരും.
ബുള്ളി ആപ്പുമായി ബന്ധപ്പെട്ട് മൂന്ന് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് ഈ വിദ്യാർഥിനിയാണ്. സാൻഫ്രാൻസിസ്കോ ആസ്ഥാനമായ കോഡിങ് പ്ലാറ്റ്ഫോം ആയ ഗിറ്റ് ഹബ് ഉപയോഗിച്ചാണ് പ്രതികൾ ആപ് ഉണ്ടാക്കിയത്. യുവതിക്ക് മൂന്ന് അക്കൗണ്ടുകളാണ് ഗിറ്റ് ഹബിൽ ഉണ്ടായിരുന്നത്. ഡിസംബർ 31ന് 'ഖൽസ സൂപ്പർ മാസിസ്റ്റ്' എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയ വിശാൽ കുമാർ മറ്റു പേരിലുണ്ടായിരുന്ന രണ്ട് അക്കൗണ്ടുകൾക്ക് കൂടി സിഖ് വ്യാജനാമങ്ങൾ നൽകുകയായിരുന്നു. പരാതി നൽകിയ ഇസ്മത് അറയെ കൂടാതെ കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബ് അഹ്മദിന്റെ 65 വയസ്സുള്ള മാതാവ് ഫാത്തിമ നഫീസ്, നൊബേൽ സമ്മാന ജേത്രി മലാല യൂസുഫ്സായ് എന്നിവർ അടങ്ങുന്നതാണ് 'ബുള്ളി ബായ്' ആപ് വിൽപനക്കെന്ന് പറഞ്ഞ് പുറത്തിറക്കിയ പട്ടിക. കഴിഞ്ഞ വർഷം 'സുള്ളി ഡീൽ' എന്ന സമാനമായ വിദ്വേഷ ആപിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ഒരു നടപടിയുമില്ലാത്തതിനെ തുടർന്നാണ് 'ബുള്ളി ബായ്' എന്ന പേരിൽ ഒരു വർഷത്തിനുള്ളിൽ വീണ്ടുമൊരു വിദ്വേഷ ആപ് പുറത്തിറക്കിയത്. വിഷയം സമൂഹമാധ്യമമായ ട്വിറ്ററിലൂടെ ഉന്നയിച്ച പ്രിയങ്ക ചതുർവേദി കേന്ദ്ര വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവിനെ അതിൽ ടാഗ് ചെയ്തിരുന്നു.
പ്രിയങ്കയുടെ അഭ്യർഥനയിലാണ് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രമുഖ മാധ്യമ പ്രവർത്തക ഇസ്മത് അറ നൽകിയ പരാതിയിൽ കേസെടുത്തിരുന്നുവെങ്കിലും തുടർ നടപടി എടുത്തിട്ടില്ല. അതേസമയം, ഇതുമായി ബന്ധപ്പെട്ട വിദ്വേഷ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ 'ട്വിറ്ററി'നോട് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. 'ബുള്ളി ബായ്' കേസിൽ ഡൽഹി പൊലീസിന്റെ അലംഭാവത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച ഡൽഹി വനിത കമീഷൻ ഡൽഹി പൊലീസ് സൈബർ ക്രൈം യൂനിറ്റിന് സമൻസ് അയച്ചിരുന്നു. മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് സ്വമേധയാ കേസെടുത്തായിരുന്നു കമീഷൻ അധ്യക്ഷ സ്വാതി മലിവാളിന്റെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.