500 രൂപയുടെ നോട്ടുമായാണ് വന്നത്; രാജ്യസഭയിലെ സീറ്റിൽ നിന്ന് നോട്ടു കെട്ടുകൾ ലഭിച്ചെന്ന ആരോപണത്തിൽ അഭിഷേക് മനു സിങ്‍വി
text_fieldsന്യൂഡൽഹി: കോൺഗ്രസിന്റെ രാജ്യസഭ എം.പിയും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‍വിയുടെ സീറ്റിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയെന്ന് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകർ. പതിവ് പരിശോധനക്കിടെയാണ് നോട്ടുകെട്ടുകൾ ലഭിച്ചതെന്നും രാജ്യസഭ ചെയർമാൻ സഭയെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിഷേക് മനു സിങ്‍വിക്ക് അലോട്ട് ചെയ്ത രാജ്യസഭയിലെ 222ാം നമ്പർ സീറ്റിലാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
അതേസമയം, ആരോപണം സിങ്‍വി നിഷേധിച്ചു. രാജ്യസഭയിലേക്ക് വരുമ്പോൾ 500ന്റെ നോട്ടാണ് കൈയിലുണ്ടായിരുന്നത് എന്നാണ് സിങ്‍വിയുടെ പ്രതികരണം. ഇത്തരത്തിലൊന്ന് ആദ്യമായാണ് കേൾക്കുന്നത്. ഈ ആരോപണം തന്നെ അത്ഭുതപ്പെടുത്തുന്നു.12.57നാണ് താൻ രാജ്യസഭയിലെത്തിയതെന്നും ഒരുമണിക്ക് ഭക്ഷണത്തിനായി സഭ പിരിഞ്ഞു. അതിനു ശേഷം 1.30 വരെ കാന്റീനിലുണ്ടായിരുന്നുവെന്നും സിങ്‍വി അറിയിച്ചു. 1.30നു ശേഷമാണ് പാർലമെന്റിൽ നിന്ന് ഇറങ്ങിയത്.
തെലങ്കാനയെ പ്രതിനിധീകരിച്ചാണ് സിങ്‍വി രാജ്യസഭയിലെത്തിയത്. എന്നാൽ സംഭവത്തിൽ അന്വേഷണം നടത്താതെ നിഗമനത്തിലെത്തരുതെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അഭ്യർഥിച്ചു.
സഭയുടെ അന്തസിന് കളങ്കമേൽപിച്ച സംഭവമാണിതെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ ആരോപിച്ചു. വളരെ ഗുരുതരമായ സംഭവമാണിത്. സഭയുടെ അന്തസ് കളങ്കപ്പെടുത്തുന്ന ഒന്ന്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് രാജ്യസഭ ചെയർമാനോട് അഭ്യർഥിക്കുകയാണ്.-നദ്ദ ആവശ്യപ്പെട്ടു. പാർലമെന്റിൽ ശീതകാല സമ്മേളനമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.