ഒരുവശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ് പൊളിക്കുന്നു; മറുവശത്ത് ബംഗ്ലാവ് പുതുക്കിപ്പണിത് അഡ്മിനിസ്ട്രേറ്ററുടെ ധൂര്‍ത്തടി
text_fieldsകവരത്തി: ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടികളിലൂടെ വിവാദങ്ങളിൽ ഇടംപിടിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേൽ അനാവശ്യ ചെലവുണ്ടാക്കി ഔദ്യോഗിക ബംഗ്ലാവ് പുതുക്കിപ്പണിയുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ഒരുവശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുനീക്കുേമ്പാളാണ് മറുവശത്ത് പുതിയ ബംഗ്ലാവ് അനാവശ്യമായി പുതുക്കിപ്പണിത് അഡ്മിനിസ്ട്രേറ്റർ ധൂർത്തടിക്കുന്നത്.
മൂന്നു വര്‍ഷം മുമ്പാണ് കവരത്തിയിൽ അഡ്മിനിസ്ട്രേറ്റര്‍മാര്‍ താമസിക്കുന്ന ബംഗ്ലാവിന്‍റെ പണി പൂര്‍ത്തീകരിച്ചത്. ഇൗ ബംഗ്ലാവ് സ്വന്തം പ്ലാനനുസരിച്ച് പുതുക്കിപ്പണിയാനാണ് കഴിഞ്ഞമാസം അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകിയത്. ഇതനുസരിച്ച് കോവിഡ് സാഹചര്യം കണക്കിലെടുത്ത് ദ്വീപില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലും ബംഗ്ലാവിന്‍റെ നിർമാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തൊഴിലാളികള്‍ക്ക് പ്രത്യേക പാസ് നല്‍കിയാണ് നിര്‍മാണം നടക്കുന്നത്. ഖജനാവില്‍ വലിയ തോതില്‍ നഷ്ടം വരുത്തുന്ന നടപടിയാണിതെന്നാണ് ദ്വീപുനിവാസികൾ ആരോപിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലും അടുത്തിടെ ചുഴലിക്കാറ്റ് അടിച്ച് നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് നടത്തുന്ന ഈ ധൂർത്തിനെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്.
അതേസമയം, ലക്ഷദ്വീപില്‍ ഇന്ധന വിതരണത്തിലും അഡ്മിനിസ്ട്രേഷന്‍ നിയന്ത്രണം ഏർപ്പെടുത്തി. കൽപേനി ദ്വീപിലാണ് സ്വകാര്യ വാഹനങ്ങൾക്ക് പെട്രോള്‍ നല്‍കുന്നതിന് അഡ്മിനിസ്ട്രേറ്റര്‍ വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് രൂക്ഷമാകുന്നതിനാലാണ് ഇതെന്നാണ് വിശദീകരണം. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ലക്ഷദ്വീപിലും കേരളത്തിലും ഉയരുന്നത്. ജനവിരുദ്ധമായ നയങ്ങള്‍ പിന്‍വലിക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നുമുള്ള ആവശ്യം വ്യാപകമായി ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.