ബുറെവി: തമിഴ്നാട്ടിൽ പേമാരി; ഏഴുമരണം
text_fieldsചെന്നൈ: ബുറെവി ചുഴലിക്കാറ്റുമൂലം സംസ്ഥാനത്ത് മൂന്നുദിവസമായി തുടരുന്ന ശക്തമായ മഴയിൽ കനത്ത നാശം. മഴക്കെടുതികളിൽ ദമ്പതികൾ ഉൾപ്പെടെ ഏഴുമരണം. രണ്ടുദിവസം കൂടി മഴയുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ച തമിഴ്നാട് തീരംതൊട്ട ബുറെവി രാമനാഥപുരത്തിനുസമീപം മൂന്നു മണിക്കൂറോളം നിശ്ചലമായതാണ് മഴ ശക്തിപ്പെടാൻ കാരണമായത്. ചുഴലിക്കാറ്റിെൻറ തീവ്രത പിന്നീട് കുറഞ്ഞു.
ചെന്നൈ നഗരത്തിലെ അണ്ണാശാലൈ ഉൾപ്പെടെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ചെന്നൈയിൽനിന്ന് തൂത്തുക്കുടി, മധുര, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള 12 വിമാന സർവിസുകൾ റദ്ദാക്കി. തെക്കൻ തമിഴകത്തിലെ പത്തിലധികം ജില്ലകളിൽ ഒരു ലക്ഷത്തിലധികം ഏക്കർ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. നിരവധി വീടുകളും തകർന്നിട്ടുണ്ട്. ജലാശയങ്ങൾ നിറഞ്ഞു. പുഴകൾ കവിഞ്ഞൊഴുകുകയാണ്. ചിദംബരം നടരാജ ക്ഷേത്രം ചരിത്രത്തിലാദ്യമായി വെള്ളത്തിനടിയിലായി.
ജലനിരപ്പ് ഉയരുന്നതിനാൽ ചെന്നൈ ചെമ്പരപാക്കം ഡാമിൽനിന്ന് 3,000 ഘനയടി വെള്ളം തുറന്നുവിട്ടു. ഇതുകാരണം അഡയാറിൽ വെള്ളം കവിഞ്ഞൊഴുകുന്നു.
രാമേശ്വരം, പാമ്പൻ, മണ്ഡപം ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്. രാമേശ്വരത്തേക്കുള്ള ട്രെയിൻ, ബസ് സർവിസുകൾ റദ്ദാക്കി.പുതുച്ചേരിയിലും കനത്ത മഴ പെയ്യുന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.