ബുർഹാൻ വാനിയുടെ ചരമവാർഷികം: കശ്മീരിൽ കർഫ്യൂ
text_fieldsശ്രീനഗർ: സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ ചരമവാർഷികദിനത്തോടനുബന്ധിച്ച് കശ്മീരിൽ കനത്ത സുരക്ഷ. ചിലയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും പലഭാഗത്തും നിയന്ത്രണങ്ങളേർപ്പെടുത്തുകയും ചെയ്തു. ബുർഹാൻ വാനിയുടെ സ്വദേശമായ വാനിക്കു പുറമെ ത്രാൾ, പുൽവാമ, സോഫിയാൻ ടൗൺ, കുപ്വാര ജില്ലയിലെ ത്രേഗം എന്നിവിടങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. ബുർഹാൻ വാനിയുടെ ചരമദിനാചരണം സംഘടിപ്പിക്കാൻ വിഘടനവാദികൾ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ഇവിടങ്ങളിൽ െപാലീസിന് പുറമെ വൻതോതിൽ അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു. അതേസമയം, വെള്ളിയാഴ്ച രാത്രി ഭീകരർ നടത്തിയ വെടിവെപ്പിൽ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു സൈനികർക്ക് പരിക്കേറ്റു. ബന്ദിപോറ ജില്ലയിലാണ് സംഭവം. പട്രോളിങ് നടത്തുകയായിരുന്ന സൈനികർക്കുനേരെ നിറയൊഴിച്ച ഭീകരർ ഇരുട്ടിൽ മറഞ്ഞു. പരിക്കേറ്റവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുർഹാൻ വാനി ചരമദിനത്തിൽ ജനങ്ങളോട് ത്രാളിലേക്ക് മാർച്ച് നടത്താൻ ഹുർറിയത് കോൺഫറൻസ് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മീർവാഇസ് ഉമർ ഫാറൂഖ്, ജമ്മു-കശ്മീർ വിമോചന മുന്നണി നേതാവ് യാസീൻ മാലിക് എന്നിവർ ആഹ്വാനംചെയ്തു. സംഘർഷസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ സർവകലാശാലകൾ അടുത്ത ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കർഫ്യൂ ഏർപ്പെടുത്തിയ മേഖലകളിൽ കടകൾ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങൾ ഒാടുന്നില്ല. എന്നാൽ, സ്ഥിതിഗതികൾ ശാന്തമാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. അതിനിടെ, പ്രശ്നസാധ്യത പരിഗണിച്ച് ശനിയാഴ്ച കശ്മീരിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന അമർനാഥ് യാത്ര സർക്കാർ നിർത്തിവെച്ചു. അമർനാഥിലേക്കുള്ള ആദ്യസംഘം ജൂൺ 28ന് പുറപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.