ഗംഗതീരത്ത് വീണ്ടും നൂറുകണക്കിന് മൃതദേഹങ്ങൾ: കോവിഡ് കാരണമെന്ന് പ്രദേശവാസികൾ; നിഷേധിച്ച് അധികൃതർ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഗംഗാ നദിക്കരയിലെ മണൽപരപ്പിൽ മൃതദേഹങ്ങൾ കുഴിച്ചുമൂടുന്ന സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇത്തരം നൂറുകണക്കിന് സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാറിെൻറ ഉത്തരവുകൾ പോലും വകവെക്കാതെയാണ് ഗംഗയുടെ തീരങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നത് കൂടിയത്.
ഈ മൃതദേഹങ്ങളിൽ ഭൂരിഭാഗവും വസ്ത്രങ്ങളിൽ പൊതിഞ്ഞ് മുളങ്കമ്പുകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടിരിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് സംസ്കരിച്ച സ്ഥലത്തിന് സമീപം മരുന്ന് കുപ്പികളും മറ്റും കാണപ്പെട്ടു.
ഇവിടെ സംസ്കരിച്ച മൃതദേഹങ്ങൾ കോവിഡ് ബാധയുമായി ബന്ധപ്പെട്ടതല്ലെന്നും ഇവയിൽ ഭൂരിഭാഗവും രണ്ടാം തരംഗത്തിന് മുേമ്പ സംസ്കരിക്കപ്പെട്ടതാെണന്നുമാണ് പ്രാദേശിക ഭരണകൂടം പറയുന്നത്.
എട്ട് മുതൽ പത്ത് വരെ മൃതദേഹങ്ങളായിരുന്ന മണൽക്കരയിൽ സംസ്കരിച്ചിരുന്നതെന്നും മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രാദേശിക ഭരണകൂടം ഇതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായും പുരോഹിതനായ ജയറാം പറഞ്ഞു. മണലിൽ മൃതദേഹം സംസ്കരിക്കുന്നത് ഒരു പഴയ ആചാരമാണെങ്കിലും ഇപ്പോൾ ഈ കാണുന്ന തിരക്ക് കോവിഡ് മഹാമാരിയുടെ ലക്ഷണമാണെന്നും ജയറാം പറഞ്ഞു. ഗംഗയുടെ തീരത്ത് ഇത്രയും കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് താൻ കണ്ടിട്ടില്ലെന്ന് മറ്റൊരു പുരോഹിതനായ പ്രസാദ് മിശ്രയും സാക്ഷ്യപ്പെടുത്തി.
കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ഫഫമൗ ഘട്ടിലാണ് സംസ്കരിക്കുന്നതെന്നും ഒരു മൃതദേഹം പോലും ഗംഗയുടെ തീരത്ത് സംസ്കരിച്ചിട്ടില്ലെന്നും പ്രയാഗ്രാജ് ഐ.ജി കെ.പി. സിങ് പറഞ്ഞു.
ഗംഗാ നദീതീരത്ത് പട്രോളിങ് നടത്താൻ പൊലീസിനെയും ദുരന്ത നിവാരണ സേനയെയും നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗംഗ, യമുന നദികളിൽ മൃതദേഹങ്ങൾ ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചാറ്റ്നാഗ് ഘട്ട്, ഫഫമൗ ഘട്ട്, ശ്രിങ്‌വർപൂർ ഘട്ടുകളിൽ സംഘങ്ങൾ പട്രോളിങ് നടത്തുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മണലിൽ സംസ്കരിച്ച മൃതദേഹങ്ങൾ നീക്കംചെയ്യാൻ ഭരണകൂടം ബദൽ മാർഗം ആവിഷ്കരിക്കുകയാണെന്നും ഐ.ജി കെ.പി. സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.