മഹാരാഷ്ട്രയിൽ നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ: കാമുകൻ പിടിയിൽ
text_fieldsജൽന (മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാൻ ആശുപത്രിയിലെ നഴ്‌സായ മോണിക്ക സുമിത് നിർമലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള ഫാമിൽ നിന്ന് കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനായ ശൈഖ് ഇർഫാൻ ശൈഖ് പാഷയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഔഹംഗാബാദ് ഡിവിഷനിലെ ജൽനയിലെ ജമുനനഗർ നിവാസിയായ മോണിക്ക സുമിത് നിർമലിനെ ഫെബ്രുവരി ആറുമുതൽ കാണാതായിരുന്നു. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ മോണിക്ക ജൽനയിൽ അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. ഫെബ്രുവരി ആറിന് ജോലിക്ക് പോയ മകൾ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ കാഡിം ജൽന പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്ന് പൊലീസ് അന്വേഷണം നടത്തവേ കാമുകൻ പിടിയിലായി. ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചുവെങ്കിലും ഇയാളുടെ കോൾ റെക്കോർഡുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്ന് മോണിക്കയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഫെബ്രുവരി ആറിന് ലാസൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അവസാനമായി യുവതിയെ പ്രതി കണ്ടതെന്നും വ്യക്തമായി.
തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലാസൂരിനടുത്തുള്ള ഫാമിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിൽ യുവതി തൂങ്ങിമരിച്ചതായി കാമുകൻ പൊലീസിനെ അറിയിച്ചു. വെള്ളിയാഴ്ച ഛത്രപതി സംഭാജിനഗർ റൂറൽ പൊലീസിന്റെയും ഷിലേഗാവ് പൊലീസിന്റെയും സഹായത്തോടെ ഒരു സംഘം ഗംഗാപൂർ തഹസിൽദാറുടെ സാന്നിധ്യത്തിൽ മോണിക്കയുടെ മൃതദേഹം കണ്ടെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തുതന്നെ പോസ്റ്റ്‌മോർട്ടം നടത്തി. മോണിക്കയുടെ വസ്ത്രങ്ങളുടെ കത്തിയ കഷ്ണങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.