ഹിജാബ് ധരിച്ചെത്തിയ യുവതിയെ ബിഹാറിലെ ബാങ്കിൽ നിന്ന് മടക്കി അയച്ചു - വിഡിയോ
text_fieldsപട്ന: ബിഹാറിലെ ബെഗുസാരായി ജില്ലയിലെ ദേശസാത്കൃത ബാങ്കിൽ ഹിജാബ് ധരിച്ചത്തിയ യുവതിയെ മടക്കി അയച്ചതായി റിപ്പോർട്ട്. ബാങ്ക് ജീവനക്കാർ യുവതിയോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. ഹിജാബ് അഴിച്ചുമാറ്റിയാൽ മാത്രമേ പണം പിൻവലിക്കാൻ അനുവദിക്കുള്ളുവെന്ന് ബാങ്ക് ജീവനക്കാർ പറയുന്ന വിഡിയോ യുവതി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ആർ.ജെ.ഡി നേതാവായ തേജസ്വി യാദവടക്കമുള്ളവർ വിഡിയോ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ബെഗുസരായിലെ മൻസൂർ ചൗക്ക് ശാഖയിലുള്ള യൂ.സി.ഒ ബാങ്കിൽ നിന്ന് പണം പിൻവലിക്കാന്‍ പോയതായിരുന്നു യുവതി. മൂന്നോ നാലോ ബാങ്ക് ജീവനക്കാർ ഹിജാബ് അഴിച്ചുമാറ്റാൻ യുവതിയോട് ആവശ്യപ്പെടുന്നത് വിഡിയോയിൽ വ്യക്തമായി കാണാവുന്നതാണ്. ജീവനക്കാരുടെ ആവശ്യത്തെ യുവതി എതിർക്കുകയും മാതാപിതാക്കളെ വിളിക്കുകയും ചെയ്തു. ബാങ്കിനുള്ളിൽ ഹിജാബ് അനുവദിക്കുന്നില്ലെന്ന അറിയിപ്പ് കാണിച്ചുതരാനും യുവതി ജീവനക്കാരോട് ആവശ്യപ്പെടുന്നുണ്ട്.
ഞാനും എന്‍റെ മകളും എല്ലാ മാസവും ബാങ്കിൽ വരാറുണ്ടെന്നും ഇതാദ്യമായാണ് തങ്ങൾക്ക് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നതെന്നും യുവതിയുടെ പിതാവ് അഭിപ്രായപ്പെട്ടു. കർണാടകയിലുള്ള ഹിജാബ് വിവാദം എന്തിനാണ് ബിഹാറിൽ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും പിതാവ് വിഡിയോയിൽ ചോദിക്കുന്നുണ്ട്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ടാഗ് ചെയ്താണ് വിഡിയോ ആർ.ജെ.ഡി നേതാവായ തേജസ്വി യാദവ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
"നിതീഷ് കുമാർ തന്‍റെ പ്രത്യയശാസ്ത്രവും നയങ്ങളും ധാർമിക ഉത്തരവാദിത്തവും മനഃസാക്ഷിയുമെല്ലാം ബിജെപിക്ക് മുന്നിൽ പണയം വെച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ നിങ്ങൾ രാജ്യത്തിന്റെ ഭരണഘടന മുന്‍നിർത്തിയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് ഓർക്കണം. അതുകൊണ്ട് ഭരണഘടനയെ ബഹുമാനിക്കാനും ആരോപണവിധേയരായ ജീവനക്കാരെ അറസ്റ്റ് ചെയ്യാനുമുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്"- തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.
അതേസമയം, യു.സി.ഒ ബാങ്ക് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സംഭവത്തിൽ പ്രസ്താവനയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ബാങ്ക് എപ്പോഴും പൗരന്മാരുടെ മതവികാരങ്ങളെ മാനിക്കാറുണ്ടെന്നും ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഉപഭോക്താക്കളോട് വിവേചനം കാണിക്കാറില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് ബാങ്ക് അന്വേഷണം നടത്തുകയാണെന്നും ബാങ്ക് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.