അടക്കം ചെയ്യണോ അതോ ദഹിപ്പിക്കണോ? വിവാദ ചോദ്യവുമായി സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: വായു മലിനീകരണം തടയാൻ ദഹിപ്പിക്കണോ അതോ അടക്കം ചെയ്യണോയെന്ന് പരീക്ഷചോദ്യം. 12ാംക്ലാസ് സി.ബി.എസ്.ഇ പരീക്ഷയുടെ ബയോളജി ചോദ്യപേപ്പറിലെ വിശദമായി ഉത്തരമെഴുതേണ്ട സെക്ഷൻ ഡിയിലാണ് വായുമലിനീകരണം സംബന്ധിച്ച് വിവാദ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
വിശദമായ ചോദ്യം ഇങ്ങനെ: ‘‘അന്തരീക്ഷ മലിനീകരണത്തിൽ ഉത്തരേന്ത്യയിൽ ആശങ്കപടരുകയാണ്. ഇൗ സാഹചര്യം നിലനിൽക്കെ നിങ്ങളുടെ അയൽപക്കത്തെ റെസിഡൻറ്സ് അസോസിയേഷൻ ‘അടക്കണം-കത്തിക്കേണ്ട’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയിൽ ബയോളജി വിദ്യാർഥി എന്ന നിലയിൽ നിങ്ങളെ ക്ഷണിച്ചാൽ അടക്കം ചെയ്യലിന് അനുകൂലമായി എന്താണ് പറയുക? രണ്ട് കാരണങ്ങൾ വ്യക്തമാക്കുക.’’ ചോദ്യം വിവാദമായതോടെ മനുഷ്യ വിഭവശേഷി മന്ത്രാലയത്തിനെതിരെ (എച്ച്.ആർ.ഡി) ട്വിറ്ററിൽ വൻ പ്രതിഷേധമുയർന്നു.
ഇൗ ചോദ്യത്തിന് ജീവശാസ്ത്രവുമായി എന്താണ് ബന്ധമെന്നും സി.ബി.എസ്.ഇ അടക്കംചെയ്യൽ പ്രോത്സാഹിപ്പിക്കാനാണോ ലക്ഷ്യമിടുന്നതെന്നും ചോദ്യപേപ്പർ എച്ച്.ആർ.ഡി മന്ത്രി പ്രകാശ് ജാവ്ദേക്കർക്ക് ട്വിറ്ററിൽ ടാഗ് ചെയ്ത് അലോക് ഭട്ട് എന്ന രക്ഷിതാവ് ചോദിച്ചു. അതേസമയം, വായുമലിനീകരണം ജീവശാസ്ത്ര സിലബസിലുള്ളതാണെന്ന് അധ്യാപകർ പറഞ്ഞു. ഇത് അനാവശ്യ വിവാദമാണെന്നും മറ്റു ചിലർ പ്രതികരിച്ചു. ഉണങ്ങിയ ഇലകളെപ്പറ്റിയാണ് ചോദ്യമെന്നും മനുഷ്യശരീരത്തെപ്പറ്റിയല്ലെന്നും അവർ ട്വിറ്ററിലൂടെ വാദിച്ചു. എന്നാൽ, വിവാദത്തെപ്പറ്റി എച്ച്.ആർ.ഡി മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.