മാണ്ഡ്യയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 30 മരണം
text_fieldsബംഗളൂരു: മൈസൂരുവിനടുത്ത് മാണ്ഡ്യ പാണ്ഡവപുരയിൽ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു. മാണ്ഡ്യ സിറ്റിയിൽനിന്ന് പാണ്ഡവപുരയിലേക്ക് പോയ ‘രാജ്കുമാർ ’ ബസ് കാവേരി നദിയിൽനിന്നുള്ള വിേശ്വശ്വരയ്യ കനാലിലേക്ക് (വി.സി കനാൽ) നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12.30ഒാടെയാണ് അപകടം. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച സ്കൂൾ നേരത്തേ വിട്ടതിനാൽ വീടുകളിലേക്ക് മടങ്ങുന്ന വിദ്യാർഥികളടക്കം 35 ഒാളം പേരാണ് ബസിലുണ്ടായിരുന്നത്. വാതിലുകൾ അടിഭാഗത്തായത് മരണസംഖ്യ ഉയർത്തി. സാഹസികമായി മുൻവശത്തെ ചില്ല് തകർത്താണ് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരിൽ 15 പേർ സ്ത്രീകളും ആറു പുരുഷന്മാരും ഒമ്പതു കുട്ടികളുമാണ്. ഒരു കുടുംബത്തിലെ നാലു സ്ത്രീകളും ഇവരിൽ ഉൾപ്പെടും. 12 അടി താഴ്ചയുള്ള കനാലിൽ മുങ്ങിയ ബസിൽനിന്ന് നാലുപേരെ രക്ഷപ്പെടുത്തി. ഡ്രൈവറും കണ്ടക്ടറും നീന്തി രക്ഷപ്പെട്ടതായാണ് വിവരം.
ബസിൽനിന്ന് പുറത്തെത്തിയ രണ്ടു കുട്ടികളെ സമീപത്തെ കർഷകരടക്കമുള്ളവർ രക്ഷെപ്പടുത്തി. പൊലീസും ഫയർഫോഴ്സ് അധികൃതരും സ്ഥലത്തെത്തി കനാലിലെ ജലമൊഴുക്ക് തടഞ്ഞശേഷം രക്ഷാപ്രവർത്തനം തുടർന്നു. 18 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപെട്ട ബസ്.
മാണ്ഡ്യ മിംസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഒൗദ്യോഗിക പരിപാടികൾ റദ്ദാക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മാണ്ഡ്യ ചുമതലയുള്ള മന്ത്രി സി.എസ്. പുട്ടരാജു, ഗതാഗത മന്ത്രി ഡി.സി. തിമ്മണ്ണ, എന്നിവർ സംഭവസ്ഥലത്തെത്തി. മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതം മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.