മത്സ്യ തൊഴിലാളിയെ ബസ്സിൽ നിന്ന് ഇറക്കിവിട്ടു; മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഇടപെടലിൽ ബസ് ജീവനക്കാർക്ക് സസ്പെൻഷൻ
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുളച്ചൽ ബസ്സ് സ്റ്റാൻഡിൽ വാണിയകുടി സ്വദേശിയായ മത്സ്യ തൊഴിലാളി സ്ത്രീ ശെൽവത്തെ ബസ്സിൽ നിന്ന് ഇറക്കി വിട്ടു. ദുർഗന്ധം പരത്തുന്നു എന്ന കാരണം പറഞ്ഞാണ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് സ്ത്രീയെ ഇറക്കിവിട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ ട്വീറ്റ് ചെയ്തയുടനെ ബസ് ജീവനക്കാരെ സസ്പെന്‍റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തി ശെൽവത്തോട് മാപ്പു പറയുകയും ചെയ്തു.
സ്ത്രീകളുടെ ഉന്നമനത്തിനായി സർക്കാർ ബസ്സിൽ അവർക്ക് സൗജന്യ ടിക്കറ്റ് നൽകുന്ന കാലത്ത് അവരെ സർക്കാർ ബസ്സിൽ നിന്ന് ഇറക്കിവിട്ടു എന്ന വാർത്ത വേദനപ്പെടുത്തിയെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
ഉടനെ മന്ത്രി ടി. മനോ തങ്കരാജിന്‍റെ നിർദ്ദേശപ്രകാരം സംഭവം നടന്ന ബസ്സിന്‍റെ ഡ്രൈവർ മൈക്കേൽ, കണ്ടക്ടർ മണികണ്ഠൻ, ടൈം കീപ്പർ ജയകുമാർ എന്നിവരെ തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പ് സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തു. തുടർന്ന് തമിഴ്നാട് ട്രാൻസ്പോർട്ടിന്‍റെ കന്യാകുമാരി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജെറോലിൽ മത്സ്യ മാർക്കറ്റിൽ എത്തി അപമാനത്തിന് ഇരയായ ശെൽവത്തോട് സർക്കാരിന്‍റെ ഖേദം അറിയിച്ചു.
എല്ലാവരും തുല്യരാണെന്ന വിശാല കാഴ്ചപ്പാടിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.