ബംഗളൂരുവിൽ ബസ് തട്ടിയെടുക്കാൻ ശ്രമം: നാലുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: നഗരത്തിൽനിന്ന് 42 യാത്രക്കാരുമായി കണ്ണൂരിലേക്ക് പുറപ്പെട്ട ബസ് യാത്രാമധ്യേ തട്ടിയെടുക്കാൻ ശ്രമം. പൊലീസുകാരെന്ന വ്യാജേന രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരുടെയും ബസ് ഉടമയുടെയും പരാതിയിൽ നാലുപേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 9.45നാണ് മലയാളിയുടെ ഉടമസ്ഥതയിലുള്ള ലാമ ട്രാവൽസിെൻറ ബസ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. മൈസൂരു റോഡിലെ രാജരാജേശ്വരി കോളജിനു സമീപത്തെത്തിയതും രണ്ടു ബൈക്കുകളിലായി നാലുപേർ ബസ് തടഞ്ഞുനിർത്തി. പൊലീസുകാരാണെന്നും ബസ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട സംഘം ബസിെൻറ നിയന്ത്രണം ഏറ്റെടുക്കുകയും സമീപത്തെ ഗോഡൗണിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഇവിടെയെത്തിയതും ബസ് പൂട്ടിയ സംഘം ആരെയും പോകാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി.
ഡ്രൈവറും ബസ് ജീവനക്കാരും യാത്രക്കാരും ബഹളമുണ്ടാക്കിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ യാത്രക്കാരിൽ ചിലർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയതും സംഘം ഓടിരക്ഷപ്പെട്ടു. യാത്രക്കാരുടെ പരാതിയിൽ ഗോഡൗണിെല സുരക്ഷാജീവനക്കാരനെയും മറ്റു മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫിനാൻസ് കമ്പനിയിൽനിന്ന് ലോൺ എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിയെടുക്കലിനു പിന്നിലെന്ന് പൊലീസ് പറയുന്നു.
എന്നാൽ, പണം പൂർണമായി അടച്ചുതീർത്തതാണെന്നും ഏജൻറുമാർക്ക് ബസ് മാറിപ്പോയതാണെന്നുമാണ് ബസുടമ പറയുന്നത്. ഫിനാൻസ് കമ്പനി ഏജൻറുമാരായ നാലംഗ സംഘത്തെ പിടികൂടാനുള്ള അന്വേഷണം രാജരാജേശ്വരി നഗർ പൊലീസ് ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.