ബസ് നിർത്തിയത് നമസ്കരിക്കാനല്ല, മോഹിത്തിന് ശുചിമുറിയിൽ പോകാൻ -യു.പിയിൽ മരിച്ച കണ്ടക്ടറുടെ സഹോദരൻ
text_fieldsബറേലി: യാത്രക്കാർക്ക് നമസ്കരിക്കാൻ ബസ് നിർത്തിക്കൊടുത്തു എന്ന പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട കണ്ടക്ടർ മോഹിത്ത് റെയിൽവെ ട്രാക്കിൽ മരിച്ചതിനു പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി കുടുംബം. ബസ് നിർത്തിയത് നമസ്കരിക്കാനായിരുന്നില്ലെന്നും യാത്രക്കാർക്ക് ശുചിമുറിയിൽ പോകാനാണെന്നും സഹോദരൻ രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. ഈ സമയത്ത് രണ്ടുപേർ നമസ്കരിക്കുകയായിരുന്നു. യാത്രക്കാരിൽ ഒരാൾ ഈ ദൃശ്യം മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പിന്നാലെ ജൂൺ അഞ്ചിന് കണ്ടക്ടറെയും ഡ്രൈവറെയും യുപി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (യു.പി.എസ്.ആർ.ടി.സി) ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. മോഹിത്തിന്റെ മരണത്തിന് ഉത്തരവാദി യു.പി.എസ്.ആർ.ടി.സി ബറേലി റീജണൽ മാനേജരായ ദീപക് ചൗധരിയാണെന്നും സഹോദരൻ രോഹിത് ആരോപിച്ചു
ജോലി പോയതിനെ തുടർന്ന് വിഷാദത്തിലായിരുന്ന മോഹിത് യാദവി(32)നെ തിങ്കളാഴ്ചയാണ് വീടിന് സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. എട്ട് വർഷത്തിലേറെയായി യു.പി.എസ്.ആർ.ടി.സിയിൽ കരാർ ജീവനക്കാരനായിരുന്നു മോഹിത്. ‘യാത്രക്കാർ നമസ്കരിക്കുന്ന വീഡിയോ വൈറലായതോടെ അവനെ സസ്‌പെൻഡ് ചെയ്തു. ജോലി പോയതിനെറ വിഷമത്തിലായ അവനോട് വീട്ടിൽ വന്ന് പശുക്കളെയും എരുമകളെയും വളർത്താൻ ഞാൻ പറഞ്ഞതായിരുന്നു’ -മോഹിത്തിന്റെ പിതാവ് രാജേന്ദ്ര സിങ് പറഞ്ഞു,
ഭർത്താവിന്റെ മരണത്തിനുത്തരവാദി യു.പി.എസ്.ആർ.ടി.സി ബറേലി റീജണൽ മാനേജരായ ദീപക് ചൗധരിയാണെന്നും അയാൾക്കെതിരെ നടപടിയെടുക്കണമെന്നും മോഹിത്തിന്റെ വിധവ റിങ്കി പറഞ്ഞു. ‘ജോലി തിരികെ ലഭിക്കുന്നതിന് ദീപക് ചൗധരിയെ കാണാൻ മോഹിത് അവസരം ചോദിച്ചിരുന്നു. എന്നാൽ, അദ്ദേഹം നിരസിച്ചു. നിരാശനായ മോഹിത് നേരത്തെ വീടിന്റെ മേൽക്കൂരയിൽ നിന്ന് ചാടാൻ ശ്രമിച്ചിരുന്നു. ഞാൻ ഇടപെട്ടാണ് അന്ന് രക്ഷിച്ചത്’ -റിങ്കി പറഞ്ഞു.
ഞായറാഴ്ച രാത്രി കാണാതായ മോഹിത്തിനെ തിങ്കളാഴ്ചയാണ് മെയിൻപുരിയിൽ വീടിന് സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. ആനന്ദ് വിഹാർ എക്‌സ്‌പ്രസ് ട്രെയിൻ ഇടിച്ചാണ് മരിച്ചത്. തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയതാണെന്ന് പൊലീസ് പറയുന്നു. ലോക്കോ പൈലറ്റ് ഉടൻ തന്നെ സംഭവം സ്റ്റേഷൻ സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
യു.പി മെയിൻപുരി ഗിരോർ പൊലീസ് പരിധിയിലുള്ള നഗ്ല ഖുഷാലി സ്വദേശിയാണ് മോഹിത്. എട്ട് വർഷത്തിലേറെയായി യു.പി.എസ്.ആർ.ടി.സിയിൽ കരാർ ജീവനക്കാരനാണ്. 17,000 രൂപ മാസശമ്പളം ഉണ്ടായിരുന്ന മോഹിതിനെ ജൂൺ അഞ്ചിനാണ് സർവിസിൽനിന്ന് പിരിച്ചുവിട്ടത്. ബസ് ഡ്രൈവർ കെ.പി സിങ്ങിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. ജോലി പോയതോടെ ഫോൺ റീചാർജ് ചെയ്യാൻ പോലും പണമില്ലായിരുന്നുവെന്ന് മരണത്തിന് തൊട്ടുമുമ്പ് മോഹിത് പറഞ്ഞിരുന്നതായി സുഹൃത്ത് പറഞ്ഞു. ‘ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഞായറാഴ്ച രാത്രി എന്നെ വിളിച്ചപ്പോൾ ഫോൺ റീചാർജ് ചെയ്യാൻ പോലും പണമില്ലെന്ന് പരിഭവം പറഞ്ഞു. അപ്പീൽ നൽകിയിട്ടും ജോലി തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് അവൻ പറഞ്ഞു. യു.പി.എസ്.ആർ.ടി.സിയുടെ ബറേലി റീജണൽ മാനേജർ ദീപക് ചൗധരിയുടെ പെരുമാറ്റം കാരണം മോഹിത് വിഷാദത്തിലായിരുന്നു’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.