പൂജാമുറിയിലെ വിളക്കിൽ നിന്ന് തീ പടർന്നു; കാൺപൂരിൽ ദീപാവലി ദിനത്തിൽ വ്യവസായി ദമ്പതികളും വേലക്കാരനും പൊള്ളലേറ്റ് മരിച്ചു
text_fieldsലഖ്നോ: കാൺപൂരിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ വ്യവസായി ദമ്പതികളടക്കം മൂന്നുപേർ വെന്തുമരിച്ചു. വ്യവസായി സഞ്ജയ് ദാസാനി(48), ഭാര്യ കനിക ദാസാനി(42), വീട്ടുവേലക്കാരൻ ഛാബി ചൗഹാൻ(24)എന്നിവരാണ് മരിച്ചത്.
പൂജാമുറിയിലെ വിളക്കിൽ നിന്നാണ് ഇവരുടെ വീടിനു തീപിടിച്ചത്. വീടിനുള്ളിലെ മരത്തടികളിൽ തീർത്ത ഇന്റീരിയർ തീ അതിവേഗം വീട്ടിലേക്ക് ആളിപ്പടരാൻ കാരണമാക്കി. കിടപ്പുമുറികളിലേക്കും ബാൽക്കണിയിലേക്കുമാണ് തീ ആളിപ്പടർന്നത്.
അംബാജി ഫുഡ്സിനും ബിസ്കറ്റ് നിർമാണ യൂനിറ്റിനും പേരുകേട്ടതാണ് ദാസാനി കുടുംബം പാണ്ഡുനഗറിലെ മൂന്നുനില വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ദീപാവലി ദിനത്തിൽ രാത്രി പ്രത്യേക പൂജ നടത്തിയാണ് ദമ്പതികൾ ഉറങ്ങാൻ കിടന്നത്. പൂജയുടെ ഭാഗമായി ക്ഷേത്രത്തിൽ കത്തിച്ച നെയ് വിളക്കിൽ നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു.
വീടിനകത്തേക്ക് തീ ആളിപ്പടർന്നതോടെ ദമ്പതികൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. വീടിന്റെ ഓട്ടോമാറ്റിക് വാതിൽ തുറക്കാൻ കഴിയാത്തതും വിനയായി. വീട്ടിൽ ദമ്പതികൾക്കൊപ്പം വേലക്കാരൻ മാത്രമാണുണ്ടായിരുന്നത്. സഞ്ജയ്-കനിക ദമ്പതികളുടെ മകൻ സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പോയിരിക്കുകയായിരുന്നു. മകൻ രാത്രി വൈകി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സമീപവാസികളെയും അഗ്നി ശമന സേനയെയും വിവരമറിയിച്ചു. അവരെല്ലാം എത്തുംമുമ്പേ മൂന്നുപേരെയും അഗ്നി വിഴുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.