ബി.ജെ.പിക്കായി പണിയെടുക്കുന്ന വ്യവസായിയാണ് പ്രശാന്ത് കിഷോർ; രൂക്ഷവിമർശനവുമായി ജെ.ഡി.യു
text_fieldsപട്ന: രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെതിരെ രൂക്ഷവിമർശനവുമായി ജെ.ഡി.യു. തനിക്ക് വീണ്ടും പാർട്ടിയിലേക്ക് ക്ഷണം ലഭിച്ചുവെന്ന പ്രശാന്തിന്റെ പ്രസ്താവനയോടാണ് ജെ.ഡി.യു പ്രതികരണം. ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുന്ന വ്യവസായി മാത്രമാണ് പ്രശാന്ത് കിഷോറെന്ന് പാർട്ട് ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ സിങ് പറഞ്ഞു.
മാധ്യമങ്ങളിൽ വാർത്തകൾ സൃഷ്ടിക്കുകയാണ് പ്രശാന്ത് കിഷോർ ചെയ്യുന്നത്. ഇത് ബി.ജെ.പിക്ക് വേണ്ടിയാണ് പ്രശാന്ത് കിഷോർ ചെയ്യുന്നത്.ബിഹാറിൽ പുതിയ രാഷ്ട്രീയസാഹചര്യമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രിയെ കാണണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു. പാർട്ടി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താൻ നിതീഷ് കുമാർ നിർദേശിച്ചു. തുടർന്ന് പ്രശാന്ത് കിഷോർ തന്നെ വന്നുകണ്ടു. പാർട്ടി അച്ചടക്കം പാലിക്കുകയാണെങ്കിൽ ജെ.ഡി.യുവിലേക്ക് തിരിച്ചെത്താമെന്ന് പ്രശാന്ത് കിഷോറിനെ അറിയിച്ചു. തുടർന്ന് നിതീഷ് കുമാറിന്റെ അപ്പോയിൻമെന്റും നൽകിയെന്ന് രാജീവ് രഞ്ജൻ സിങ് പറഞ്ഞു.
എന്നാൽ, നിതീഷ് കുമാറിനെ കാണാൻ പ്രശാന്ത് കിഷോർ തയാറായില്ല. മാധ്യമങ്ങൾക്ക് മുമ്പാകെ നിതീഷ് കുമാറിനെ കാണാൻ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് വേണ്ടിയുള്ള രാഷ്ട്രീയനാടകത്തിന്റെ ഭാഗമായിരുന്നു ഇത്. പിന്നീട് ജെ.ഡി.യു നേതാവ് പവൻ വർമ്മ നിതീഷിനെ കണ്ട് പ്രശാന്ത് കിഷോറിന് കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. അദ്ദേഹം അനുമതിയും നൽകി. എന്നാൽ, കൂടിക്കാഴ്ചക്ക് ശേഷം തനിക്ക് മുന്നിൽ നിതീഷ് കുമാർ ഓഫർ മുന്നോട്ടുവെച്ചുവെന്നും നയപരമായ കാരണങ്ങളാൽ താനത് സ്വീകരിച്ചില്ലെന്നും പ്രശാന്ത് കിഷോർ അറിയിച്ചു. എന്നാൽ, സാധാരണയുണ്ടാവുന്ന ചർച്ച മാത്രമാണ് പ്രശാന്ത് കിഷോറുമായി നടന്നതെന്നും ധാരണയുണ്ടായിട്ടില്ലെന്നും നിതീഷ് കുമാർ പിന്നീട് അറിയിച്ചു. ബി.ജെ.പിക്കായി പ്രവർത്തിക്കുന്ന ഏജൻറ് മാത്രമാണ് പ്രശാന്ത് കിഷോറെന്ന് ഇതിൽ നിന്നും മനസിലാക്കാമെന്ന് രാജീവ് രഞ്ജൻ സിങ് പറഞ്ഞു.
2014ൽ നരേന്ദ്ര മോദിക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയെന്ന് പ്രശാന്ത് കിഷോർ അവകാശപ്പെട്ടിരുന്നു. തുടർന്ന് 2015ൽ നിതീഷിനൊപ്പമെത്തി മഹാഗഡ്ബന്ധൻ സഖ്യത്തിനായി തന്ത്രങ്ങൾ മെനഞ്ഞു. 2018ൽ ബി.ജെ.പി സഖ്യത്തോടൊപ്പം നിതീഷ് കുമാർഎത്തിയതോടെ പ്രശാന്ത് കിഷോർ പാർട്ടി വിടുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിക്കായും പ്രശാന്ത് കിഷോർ തന്ത്രങ്ങളൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.